തൃശൂര്‍: അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് കെ.മുരളീധരന്‍ എംപി. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. തൃശ്ശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയ പത്മജ വേണുഗോപാലിന്റെ നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍.
ബിജെപിയില്‍ പോയത് പത്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേരെന്നും മുരളീധരന്‍ പരിഹസിച്ചു. അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഈ വൃത്തികെട്ട കളി കളിക്കാന്‍ പത്മജയ്ക്ക് എങ്ങനെ പറ്റിയെന്ന് മുരളീധരന്‍ ചോദിച്ചു. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. ഇന്ന് ചെയ്തത് ചീപ്പ് പ്രവൃത്തി. തന്നെ ആരും ഉപദേശിക്കാന്‍ വരണ്ട. ഏപ്രില്‍ 26 കഴിയട്ടെ. അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാം. വര്‍ഗീയ ശക്തികളെ തൃശൂരില്‍ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.
തൃശൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കാണ് പത്മജ ബിജെപി അംഗത്വം നല്‍കിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുരളീമന്ദിരത്തിനു മുമ്പില്‍ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.
പത്മജയുടെ ബിജെപി പ്രവേശത്തിന് പിന്നാലെ മുരളീമന്ദിരവും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. പത്മജ ബിജെപിയില്‍ ചേര്‍ന്ന ശേഷം മുരളീമന്ദിരത്തില്‍ എത്തിയതോടെ ഇവിടെ ബിജെപിക്കാരും വരാന്‍ തുടങ്ങി. മുരളി താമസിക്കുന്നത് ഇവിടെത്തന്നെയാണ്. കോണ്‍ഗ്രസിനകത്തെ പല നിര്‍ണായക തീരുമാനങ്ങളുടെയും അണിയറ നാടക വേദിയായിരുന്ന പൂങ്കുന്നം മുരളീമന്ദിരം അപ്രതീക്ഷിതമായ രാഷ്ട്രീയ രംഗങ്ങള്‍ക്ക് വേദിയാകുകയാണ്. കെ.കരുണാകരന്‍ 1956ലാണ് പൂങ്കുന്നത്തെ മുരളീമന്ദിരം വാങ്ങുന്നത്.
മണ്ണുത്തിക്കടുത്തു വാടകയ്ക്ക് താമസിച്ചിരുന്ന കെ.കരുണാകരന് വേണ്ടി മുരളീമന്ദിരം കണ്ടു പിടിച്ചതു സന്തതസഹചാരിയായ ബാലനായിരുന്നു. വാങ്ങുമ്പോള്‍ അതൊരു ചെറിയ വീടായിരുന്നു. മൂന്നു തവണ പുതുക്കിയാണ് ഇപ്പോഴത്തെ രൂപത്തിലെത്തിയത്. 1954ലാണ് കെ.കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും വിവാഹം. മകന്‍ മുരളിയുടെ പേരുതന്നെ വീടിനും ഇട്ടു.
പിന്നീട് കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായക തീരുമാനവും വന്നത് ഈ വീട്ടില്‍നിന്നാണ്. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോഴും നേതാക്കള്‍ അദ്ദേഹത്തെ കണ്ടിരുന്നത് മുരളീമന്ദിരത്തിലാണ്. കരുണാകരനെ സംസ്‌കരിച്ചതും ഇവിടെയാണ്. കരുണാകരന്‍ എത്തിയാല്‍ എല്ലാ മുറികളിലും കോണ്‍ഗ്രസുകാര്‍ നിറയുമായിരുന്നു. കരുണാകരന്റെ കാലശേഷം മുരളിയുടെയും പത്മജയുടെയും കൂടിക്കാഴ്ചകളുടെ വേദിയായും മുരളീ മന്ദിരം മാറുകയും ചെയ്തു. ഇപ്പോള്‍ മുരളീമന്ദിരത്തിന് മുന്നില്‍ പാറുന്നത് മൂവര്‍ണ്ണക്കൊടിയും കാവിക്കൊടിയും ചേര്‍ന്നാണ്.
തിരഞ്ഞെടുപ്പ് ചൂടില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. പത്മജയുടെ കൂടുമാറ്റം കൂടിയായതോടെ തൃശൂര്‍ മണ്ഡലവും മുരളീമന്ദിരവും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ലീഡര്‍ കെ. കരുണാകരന്റെ പ്രഭാവം കൊണ്ട് ട്വിസ്റ്റുകളും അട്ടിമറികളും തിരിച്ചടികളും വമ്പന്‍ ജയങ്ങളുമെല്ലാം തിരഞ്ഞെടുപ്പുകളില്‍ തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്. ഇപ്പോഴും ആ ലീഡര്‍ പ്രഭാവം തുടരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് കാലത്തെ കാഴ്ച.
മാസങ്ങള്‍ക്ക് മുന്‍പേ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് ഉറപ്പിച്ച മണ്ഡലമായിരുന്നു തൃശൂര്‍. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പായിരുന്നു വമ്പന്‍ ട്വിസ്റ്റ്. സിറ്റിംഗ് എം.പി. ടി.എന്‍. പ്രതാപനായി ചുവരെഴുത്തും പോസ്റ്റര്‍ പതിക്കലുമെല്ലാം തുടരുമ്പോള്‍, വടകരയില്‍ നിന്ന് കെ. മുരളീധരന്‍ മത്സരിക്കാനെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടാത്തവരില്ല. അതോടെ, മൂന്ന് മുന്നണികളും പ്രചാരണതന്ത്രം മാറ്റിപ്പണിയാന്‍ തുടങ്ങി. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി.യിലേക്കുള്ള കൂടുമാറ്റമാണ് തൃശൂരില്‍ പെട്ടെന്ന് വഴിത്തിരിവുണ്ടാക്കിയത്.
പത്മജയുടെ പാര്‍ട്ടിമാറ്റം എങ്ങനെ അനുകൂലമാക്കാമെന്നാണ് എന്‍.ഡി.എയും എല്‍.ഡി.എഫും ചിന്തിക്കുന്നത്. പത്മജയ്ക്ക് സ്വാധീനമുളള കേന്ദ്രങ്ങളിലാണ് എന്‍.ഡി.എയുടെ കണ്ണ്. എന്നാല്‍, ടി.എന്‍.പ്രതാപന്‍ മാറുന്നതോടെ, തീരമേഖലയിലെ വോട്ടുകള്‍ അനുകൂലമാകുമെന്നാണ് ഇടതുമുന്നണി കണക്ക് കൂട്ടുന്നത്. അതേസമയം, സംസ്ഥാനതലത്തില്‍ കെ. മുരളീധരനുള്ള പ്രതിച്ഛായ ഗുണകരമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. പത്മജയോടുള്ള എതിര്‍പ്പ് നേതാക്കളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ഒത്തൊരുമയും വാശിയും ഉണ്ടാക്കിയിട്ടുണ്ടെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
എന്നാല്‍ പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ നടുക്കവും അങ്കലാപ്പും പൂര്‍ണ്ണമായും വിട്ടുമാറിയിട്ടുമില്ല. പ്രതാപന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനാണ് ധാരണയെന്നാണ് വിവരം.
ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ചരടുവലികള്‍ക്ക് സാക്ഷ്യം വഹിച്ച പൂങ്കുന്നത്തെ മുരളീമന്ദിരം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
കെ. കരുണാകരന്റെ രാഷ്ട്രീയനീക്കങ്ങളേറെയും അദ്ദേഹത്തിന്റെ വസതിയായിരുന്ന മുരളീമന്ദിരത്തിലും പിന്നീട് രാമനിലയത്തിലുമായിരുന്നു. ലീഡറുടെ സ്മൃതി കുടീരമുള്ളതിനാല്‍ കോണ്‍ഗ്രസുകാരുടെ വൈകാരിക ഇടവുമാണത്. മുരളീമന്ദിരത്തില്‍ എത്തി പ്രാര്‍ത്ഥിച്ചാണ് കെ. മുരളീധരന്‍ കളത്തിലിറങ്ങിയത്. വരും ദിവസങ്ങളില്‍ മുരളീമന്ദിരത്തില്‍ ആരൊക്കെയെത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതുകൊണ്ട് മുരളീമന്ദിരത്തെ ചുറ്റിപ്പറ്റി തിരഞ്ഞെടുപ്പ് പ്രചാരണവും കൊടുമ്പിരി കൊള്ളുകയാണ്.