കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായി സംഘിയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടിയുടെ പേര് മനഃപൂർവം പറയാതിരുന്ന പിണറായി ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻസിങിനെ കുറ്റപ്പെടുത്തി. പാർട്ടി വോട്ടുകൾ ബിജെപി വിഴുങ്ങുന്നുവെന്ന ആശങ്ക പിണറായി വിജയന് ഇല്ലെന്നും വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ സ്മരിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ നിലപാട് മാതൃകാപരമാണെന്നും മുരളീധരൻ പറഞ്ഞു.
'വിഴിഞ്ഞം പരിപാടിക്കിടെ ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞില്ലെന്ന് മാത്രമല്ല, മൻമോഹൻസിങ്ങിനെ കുറ്റപ്പെടത്തിക്കൊണ്ട് ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പിണറായിയുടെ കമന്റ്. ബിജെപി തങ്ങളുടെ വോട്ട് വിഴുങ്ങുന്നുവെന്ന് യെച്ചൂരിയും എംവി ഗോവിന്ദനുമൊക്കെ വിലപിക്കുമ്പോൾ അദ്ദേഹത്തിന് അത് ഇല്ല. പിണറായി പൂർണമായി സംഘിയായി മാറിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ തിരിച്ചടി പോലും അദ്ദേഹത്തെ പാഠം പഠിപ്പിച്ചിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പേര് പറയുമ്പോൾ എല്ലാവരുടെയും മനസിൽ കെ കരുണാകരന്റെ ചിത്രമാണ് വരിക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നുപറയുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മുഖമാണ് വരിക. അതിനെ മായ്ക്കാൻ എത്ര ശ്രമിച്ചാലും പിണറായിക്കും എൽഡിഎഫ് സർക്കാരിനും കഴിയില്ല' - മുരളീധരൻ പറഞ്ഞു.
എഎൻ ഷംസീറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉമ്മൻചാണ്ടിയെ പറ്റി പറയാൻ ബുദ്ധിമുട്ടുണ്ടാകും. എങ്കിലും അക്കാര്യത്തിൽ വിശാല മനസ്‌കത കാണിച്ച സ്പീക്കറുടെ സമീപനം മാതൃകാപരമാണെന്ന് മുരളീധരൻ പറഞ്ഞു.