തിരുവനന്തപുരം നഗരത്തില്‍ മദ്യലഹരിയില്‍ അപകടകരമായി വാഹനമോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ നടന്‍ ബൈജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെ ബി
ഗണേഷ് കുമാര്‍. വണ്ടിയൊക്കെ ആകുമ്പോള്‍ തട്ടും മുട്ടും.
ഇതൊന്നും കണ്ട് ഞാന്‍ പേടിക്കില്ല. ഇങ്ങനെയാണ് അപകടശേഷം ദൃശ്യം പകര്‍ത്തിയ മാധ്യമങ്ങളോട് ബൈജു പ്രതികരിച്ചത്. ദൃശ്യം പകര്‍ത്തുന്നതില്‍ നിന്ന് ബൈജു മാധ്യമപ്രവര്‍ത്തകരെ തടയുകയും ചെയ്തു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
'പഴയ കാലമല്ല എന്ന് മാത്രം ഞാന്‍ ആ സുഹൃത്തിനെ ഓര്‍മ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമായിരിക്കാം അങ്ങനെ പെരുമാറിയത്. എന്തായാലും ആ സംസ്‌കാരമൊക്കെ കൈയില്‍ വച്ചിരുന്നാല്‍ മതി. ഗണേഷ് പറഞ്ഞു
വാഹനാപകടത്തിനു ശേഷം വളരെ മോശം പെരുമാറ്റമാണ് ബൈജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. വൈദ്യപരിശോധനയ്ക്ക് ബൈജുവിനെ പോലീസ് കൊണ്ട് പോയെങ്കിലും രക്ത സാംപിള്‍ നല്‍കാന്‍ ബൈജു തയാറായില്ല. ഇതിനെ തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയാറായില്ലെന്നും ഡോക്ടര്‍, പോലീസിന് റിപ്പോര്‍ട്ട് നല്‍കി. മദ്യലഹരിയില്‍ വാഹനം ഓടിച്ചതിന് 279 വകുപ്പ് പ്രകാരവും മോട്ടോര്‍ വാഹന വകുപ്പ് 155 പ്രകാരവുമാണ് മ്യൂസിയം പോലീസ് ബൈജുവിനെതിരെ കേസെടുത്തത്.
അതിനിടെ, ബൈജുവിന്റെ കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്ന വിവരവും പുറത്തുവരുന്നു. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കേരളത്തില്‍ ഓടിക്കാനുള്ള എന്‍.ഒ.സി. ഹാജരാക്കിയിട്ടില്ല. റോഡ് നികുതി പോലും ഇത് വരെ അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഏഴ് തവണയാണ് പിഴ ചുമത്തിയത്.
ബൈജുവിന്റെ ഔദ്യോഗിക പേര് ബി സന്തോഷ് കുമാര്‍ എന്നാണ്. കഴിഞ്ഞ ഒക്ടോബറില്‍ കേരളത്തില്‍ എത്തിച്ച ശേഷം ഏഴ് തവണ സീറ്റ് ബെല്‍റ്റ് ധരിക്കാത്തിന് വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ട്. പിഴ ഓണ്‍ലൈന് വഴിയാണ് അടച്ചിട്ടുള്ളത്.
ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് ബൈജു ഓടിച്ച കാര്‍ അപകടമുണ്ടാക്കിയത്. കവടിയാര്‍ ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ വാഹനം ആല്‍ത്തറ ഭാഗത്തേക്ക് തിരിയുന്നിടത്ത് വെച്ച് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍പിലുള്ള പോസ്റ്റില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇയാളുടെ ബൈക്കിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.