കോഴിക്കോട്ടേക്ക് കൊണ്ടുപോയത് തന്റെ വസ്ത്രമാണെന്ന രാഹുല്‍ മാങ്കൂട്ടത്തിന്റെ വാദം ഇപ്പോള്‍ പൊളിഞ്ഞില്ലേയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കളവുപറഞ്ഞ് രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പൂര്‍ണമായും തള്ളിപ്പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ഹോട്ടലില്‍നിന്ന് കള്ളപ്പണമടങ്ങിയ ബാ?ഗ് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുലിന്റെ വാദങ്ങള്‍ പൊളിഞ്ഞ് പാളീസായിരിക്കുകയാണെന്ന് എം.വി.?ഗോവിന്ദന്‍ പറഞ്ഞു. എന്താണ് പെട്ടിയിലാക്കി കൊണ്ടുപോയതെന്ന് അവരാണ് ഇനി പറയേണ്ടത്. പെട്ടിയിലുണ്ടായിരുന്നത് കുഴല്‍പ്പണമാണെന്നാണ് സി.പി.എം വിശ്വസിക്കുന്നത്. അത് കള്ളപ്പണമാണെന്ന് പറഞ്ഞതില്‍നിന്ന് പിന്നാക്കം പോവുന്നില്ല. അവര്‍ പറഞ്ഞതില്‍നിന്നെല്ലാം അവര്‍ പിന്നോട്ടേക്ക് പോയിട്ടുണ്ട്. അതാണിപ്പോള്‍ നമ്മുടെ മുന്നിലുള്ള ചിത്രമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവ ദിവസം പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുപോയത് മറ്റൊരു വാഹനത്തിലെന്ന് വ്യക്തമാക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് വ്യാഴാഴ്ച പുറത്തുവന്നത്. ബാഗ് കയറ്റിയ വാഹനത്തില്‍ രാഹുല്‍ കയറിയിട്ടില്ല എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഫെനി നൈനാന്‍ വെളുത്ത ഇന്നോവ ക്രിസ്റ്റ കാറില്‍ ബാഗ് കയറ്റുമ്പോള്‍ രാഹുല്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആ കാറില്‍ കയറാതെ മുമ്പില്‍ ഉണ്ടായിരുന്ന കാറിലാണ് രാഹുല്‍ കയറിയത്. നേരത്തെ ആരോപണങ്ങളുയര്‍ന്ന ഘട്ടത്തില്‍ രാഹുല്‍ പറഞ്ഞ വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍.
അതേസമയം ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ വിശദീകരണവുമായി രാഹുല്‍തന്നെ എത്തി. കെ.പി.എം. ഹോട്ടലില്‍ നിന്ന് താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ചില കാര്യങ്ങള്‍ സംസാരിക്കാനായി കുറച്ചു ദൂരം ഷാഫിയുടെ വാഹനത്തില്‍ യാത്ര ചെയ്തു. തുടര്‍ന്ന് പ്രസ് ക്ലബ്ബിന് മുമ്പില്‍ വെച്ച് സുഹൃത്തിന്റെ ഇന്നോവയില്‍ കയറി കോഴിക്കോട്ടേക്ക് പുറപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു. താന്‍ ഏത് നുണപരിശോധനയ്ക്കും തയ്യാറാണെന്ന് പറഞ്ഞ രാഹുല്‍ അസ്മ ടവറില്‍ രാത്രിയില്‍ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കാണിച്ചു.