കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ സാധിച്ചു: പിണറായി വിജയൻ

2024ലെ മികച്ച സേവനം നടത്തിയ 264 പോലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളുടെ വിതരണവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

author-image
Anagha Rajeev
New Update
pinarayi.vijayan

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര വർഷക്കാലത്തെ സർക്കാരിന്റെ ഭരണമെന്നും ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളാ പോലീസിനെ പരിവർത്തിപ്പിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 2024ലെ മികച്ച സേവനം നടത്തിയ 264 പോലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളുടെ വിതരണവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ പോലീസിനെ ഫലപ്രദമായി ഉപയോഗിച്ചു. വർഗീയ സംഘർഷങ്ങൾ ഒന്നും തന്നെ എട്ടര വർഷത്തിനിടയിൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്ന പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്‌നപരിഹാരത്തിനായി നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാറി. സംസ്ഥാനത്തെ ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളും വനിതാ വയോജന – ശിശുസൗഹൃദമായി.

സാമ്രാജ്യത്വ ഭരണകാലത്തെ മനോഘടനയിൽ നിന്നും മുക്തമായി ഒരു ജനകീയ സേന എന്ന നിലയിലേക്കുള്ള കേരളാ പോലീസിന്റെ പരിവർത്തനമാണ് കഴിഞ്ഞ 68 വർഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. പ്രളയകാലത്തും മറ്റ് പ്രകൃതിദുരന്തങ്ങളുടെ കാലത്തും സേന നടത്തിയ ഇടപെടലുകൾ പോലീസിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റം വരുത്തി. കുറ്റാന്വേഷണ മികവിൽ കേരളാ പോലീസിന് പകരംവെയ്ക്കാൻ രാജ്യത്ത് മറ്റൊരു സേനയില്ല. ഒരിക്കലും തെളിയില്ലെന്നു കരുതിയ നിരവധി കേസുകൾ സേന തെളിയിച്ചു. സംസ്ഥാനത്തിനകത്തു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ പോയി വരെ പ്രതികളെ പിടികൂടുന്നു. ഇതെല്ലാം കേരളാ പോലീസിന്റെ കുറ്റാന്വേഷണ മികവ് വ്യക്തമാക്കുന്നുണ്ട്.

കേരളാ പോലീസിൽ വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. ഈ ലക്ഷ്യത്തിലേക്ക് സർക്കാർ വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് കേരളാ പോലീസ് സേനയിൽ ഉണ്ടാകുന്ന ഒഴിവുകളിൽ പത്തു ശതമാനം വനിതകൾക്ക് മാത്രമായി നീക്കിവക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

pinarayi vijayan