ഐഎസ്ആർഒ ചാരക്കേസിനായി ഗൂഢാലോചന നടത്തിയ കേസിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെയും മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടർ ആർബി ശ്രീകുമാറിനെയും പ്രതി ചേർത്ത് കുറ്റുപത്രം. സിബി മാത്യൂസും ആർബി ശ്രീകുമാറും ഉൾപ്പെടെ കേസിൽ അഞ്ച് പ്രതികളാണുള്ളത്. കേസിൽ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ചാരക്കേസിൽ വ്യാജരേഖ ചമച്ച് കുറ്റവാളിയാക്കുകയും വ്യാജ കുറ്റസമ്മത മൊഴി രേഖപ്പെടുത്തുകയും ചെയ്ത കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ചാരക്കേസ് ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സിബിഐ ഡൽഹി യൂണിറ്റിന്റെ എസ്പി നേരിട്ടെത്തിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേരള പൊലീസിലെയും ഐബിയിലെയും 18 മുൻ ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തെങ്കിലും ഇതിൽ അഞ്ച് പേർക്കെതിരെ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. 1994ലെ ഐഎസ്ആർഒ ചാരക്കേസിൽ ഗൂഢാലോചന നടത്തി വ്യാജ രേഖ നിർമ്മിച്ച് ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കുകയും, വ്യാജ തെളിവുകൾ ചമച്ച് മർദ്ദിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്‌തെന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.