കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘം പി.പി.ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പരിശോധിച്ചു. എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ നടത്തിയ അഴിമതിയാരോപണത്തിനുശേഷം രാത്രി ഫോണിൽ ബന്ധപ്പെട്ടവരുടെയും നവീൻ ബാബുവിന്റെ ആത്മഹത്യക്കുശേഷം ദിവ്യ ഫോണിൽ ബന്ധപ്പെട്ടവരുടെയും കോൾലിസ്റ്റും പോലീസ് പരിശോധിച്ചു.
ചില കോളുകളുടെ വ്യക്തതതേടി സൈബർ ക്രൈം പോലീസിൽ ഫോൺ പരിശോധനയ്ക്കായി അയച്ചിരുന്നു. അതിന്റെ വിശദ റിപ്പോർട്ട് തിങ്കളാഴ്ച അന്വേഷണസംഘത്തിന് കിട്ടി. റിപ്പോർട്ടിലുള്ളവ അടുത്ത ദിവസങ്ങളിൽ പരിശോധിക്കും. നവീൻ ബാബുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചശേഷം സ്വകാര്യ ചാനലിൽ പ്രചരിച്ച വീഡിയോ ദിവ്യ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ടോ, പങ്കുവെച്ച ശേഷം ഒഴിവാക്കിയതാണോ, യാത്രയയപ്പ് യോഗം ചിത്രീകരിക്കാൻ സ്വകാര്യ ചാനൽ പ്രവർത്തകനെ വിളിച്ചുവരുത്തിയതാണോ തുടങ്ങിയ കാര്യങ്ങളുടെയും സത്യാവസ്ഥയും അന്വേഷിക്കുന്നുണ്ട്. പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തനുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നോയെന്ന കാര്യവും തിരിച്ചറിയാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.
നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയുടെ മൊഴി അടുത്തദിവസം പോലീസ് രേഖപ്പെടുത്തും. നവീൻ ബാബുവിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണസംഘം ഈയാഴ്ച പത്തനംതിട്ടയിലേക്ക് പോകും. പ്രശാന്തനുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചുവരികയാണ്.