ന്യൂഡൽഹി: ശാരീരിക പരിമിതിയുള്ള മലയാളി അധ്യാപകനെ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിച്ച വിഷയത്തിൽ സിഐഎസ്എഫ് അന്വേഷണം നടത്തും. സംഭവം സിഐഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹി ഹൻസ്‌രാജ് കോളജിലെ ചരിത്ര വിഭാഗം അധ്യാപകനും മലയാളിയുമായ ജസ്റ്റിൻ മാത്യുവിനാണു ദുരനുഭവമുണ്ടായത്.
ശസ്ത്രക്രിയയ്ക്കുശേഷം കാലിൽ ലോഹ ദണ്ഡ് ഘടിപ്പിച്ചിട്ടുള്ള ജസ്റ്റിനോടു ഷൂസ് അഴിച്ചു മാറ്റി പരിശോധിച്ച ശേഷമേ കടത്തിവിടൂ എന്നു സുരക്ഷാ ഉദ്യോഗസ്ഥർ കടുപ്പിച്ചു പറഞ്ഞു . ജസ്റ്റിന് നിന്നു കൊണ്ട് ഷൂസ് അഴിച്ചുമാറ്റുക സാധ്യമല്ലായിരുന്നു. പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥനെത്തി പ്രത്യേക മുറിയിൽ കൊണ്ടു പോയി ഷൂസ് അഴിച്ചു പരിശോധിച്ച ശേഷമാണു യാത്ര തുടരാൻ അനുവദിച്ചത്. ഇടുക്കി സ്വദേശിയാണ് ജസ്റ്റിൻ. ശാരീരിക പരിമിതിയുള്ളവരെ സുരക്ഷ പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്നു നാഷനൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ഡിസേബിൾസ് 2013 മുതൽ ഉന്നയിക്കുന്നതാണ്.
ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ബോംബെ വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തക സുരാഞ്ജന ഘോഷിന് ഇതേ അനുഭവം ഉണ്ടായതിനെത്തുടർന്നാണു ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനുമായി ഇക്കാര്യം ചർച്ച ചെയ്തത്.‘‘സുരക്ഷാ പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്നല്ല ആവശ്യം. മറിച്ച് ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചു സമയ നഷ്ടമുണ്ടാകാതെ ശാരീരിക പരിമിതികളുള്ളവരുടെ ദേഹപരിശോധനയ്ക്കു സംവിധാനമൊരുക്കണം. ഭിന്നശേഷിക്കാരോടു മാന്യമായും സഹിഷ്ണുതയോടെയും പെരുമാറുന്നതിനു സുരക്ഷാ ഉദ്യോഗസ്ഥർക്കു പ്രത്യേക പരിശീലനവും നൽകണം’’ – എന്ന് നാഷനൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ഡിസേബിൾസ് ജനറൽ സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ മുരളീധരൻ സംഭവത്തെ കുറിച്ച് പറഞ്ഞു.