പൊലീസ് മെഡലിലെ പിഴവിൽ അന്വേഷണം: അക്ഷരത്തെറ്റ് വന്നതിനാല്‍ മാറ്റിവെച്ചിരുന്ന മെഡലുകൾ വീണ്ടും നൽകിയെന്ന് സംശയം

പൊലീസിനെ നാണക്കേടിലാക്കിയ മെഡല്‍ പിഴവില്‍ അന്വേഷണം. പൊലീസ് ആസ്ഥാന ഡിഐജിയാണ് സംഭവം അന്വേഷിക്കുക. സതീഷ് ബിനോയിയോട് അന്വേഷിക്കാൻ ഡിജിപിയാണ് നിർദ്ദേശം നല്‍കിയത്.

author-image
Rajesh T L
New Update
mm

തിരുവനന്തപുരം: പൊലീസിനെ നാണക്കേടിലാക്കിയ മെഡല്‍ പിഴവില്‍ അന്വേഷണം. പൊലീസ് ആസ്ഥാന ഡിഐജിയാണ് സംഭവം അന്വേഷിക്കുക. സതീഷ് ബിനോയിയോട് അന്വേഷിക്കാൻ ഡിജിപിയാണ് നിർദ്ദേശം നല്‍കിയത്. ക്വട്ടേഷൻ നൽകിയതിലെ കാലതാമസം ഉൾപ്പെടെ അന്വേഷിക്കും. രണ്ട് വർഷം മുമ്പ് അക്ഷര തെറ്റ് വന്ന മെഡൽ ഭഗവതി ഏജൻസി നൽകിയിരുന്നു. ശ്രദ്ധയിൽപ്പെട്ടപ്പോൾ മെഡൽ മടക്കിയിരുന്നു. അന്ന് മാറ്റി വച്ച മെഡലുകൾ വീണ്ടും നൽകിയെന്നാണ് സംശയം. ഒക്ടോബർ 23 നാണ് ഭഗവതി ഏജൻസിക്ക് ക്വട്ടേഷൻ നൽകിയത്. ഒക്ടോബർ 29 നാണ് ഭഗവതി ഏജൻസി മെഡലുകള്‍ കൈമാറിയത്. ചുരുങ്ങിയ ദിവസം കൊണ്ട് മെഡലുണ്ടാക്കാൻ കഴിയില്ലെന്നാണാണ് ഉയരുന്ന ആരോപണം.

കഴിഞ്ഞ ഭാഷദിനത്തിൽ വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി, പൊലീസ് എന്നീ വാക്കുകളിലാണ് അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്. മെഡലുകളില്‍ 'മുഖ്യമന്ത്രി'യുടെ എന്നതിന് പകരം 'മുഖ്യമന്ത്രയുടെ' എന്നാണ് രേഖപ്പെടുത്തിയത്. 'പോലീസ് മെഡല്‍' എന്നത് തെറ്റായി 'പോലസ് മെഡന്‍' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 നാണ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിക്കുന്നത്. ഭാഷാ ദിനമായ നവംബര്‍ ഒന്നിന് വിതരണം ചെയ്യും. തിരുവനന്തപുരത്ത് എസ് എ പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 266 പേര്‍ക്കാണ് മെഡലുകള്‍ സമ്മാനിച്ചത്. ജീവിതത്തില്‍ എന്നും ഓര്‍മിക്കാനായി ഉദ്യോഗസ്ഥര്‍ സൂക്ഷിച്ചുവെക്കുന്ന മെഡലുകളില്‍ പക്ഷെ ഗുരുതര അക്ഷരത്തെറ്റുകളാണ് ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ മെഡലുകള്‍ തിരിച്ചുവാങ്ങി പകരം നല്‍കി തലയൂരാനാണ് പൊലീസ് ആസ്ഥാനത്തെ തീരുമാനം.

തിരുവനന്തപുരം നഗരത്തിലുള്ള ഭഗവതി സ്റ്റോഴ്സിനായിരുന്ന മെഡലുകള്‍ അച്ചടിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ഓഗസ്റ്റ് 15 ന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടും മെഡലുകള്‍ അച്ചടിക്കാന് ക്വട്ടേഷന്‍ ക്ഷണിക്കുന്നത് ഓക്ടോബര്‍ 16നാണ്. ഓക്ടോബര്‍ 23 നാണ് ഓര്‍ഡര്‍ നല്‍കുന്നത്. വെറും അഞ്ച് ദിവസം കൊണ്ട് മെഡലുകള്‍ തയ്യാറാക്കി പൊലീസ് ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഇവിടെയാണ് പല ദുരൂഹതകളും ഉയരുന്നത്. സാധാരണ ഗതിയില്‍ ഇത്രയും മെഡലുകല്‍ തയ്യാറാക്കാന് ഒരു മാസം വേണ്ടിവരുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.  കുറഞ്ഞ സമയമേ ഉള്ളതിനാല്‍ ആരും ക്വട്ടേഷന്‍ എറ്റെടുക്കാന്‍ രംഗത്ത് വരില്ല. സ്ഥിരമായി ഈ ജോലി ഏറ്റെടുക്കുന്ന ഭഗവതി സ്റ്റോഴ്സിന് സ്വന്തമായി അച്ചടി സ്ഥാപനവുമില്ല. ഉപകരാര്‍ നല്‍കി മറ്റ് സ്ഥാപനങ്ങളിലാണ് മെഡലുകല്‍ തയ്യാറാക്കുന്നത്. ഇത്തരത്തില്‍ അതിവേഗം തയ്യറാക്കി നല്‍കിയെന്നാണ് വിവരം.

പരിശോധനക്കായി സാമ്പിള്‍ നല്‍കിയുമില്ല. ഇക്കാര്യത്തില്‍ പൊലീസ് ആസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കും വീഴ്ച പറ്റിയെന്നാണ് ഉയരുന്ന ആക്ഷേപം. മെഡലുകളിലെ ഗുരുതര പിഴവ് ആരും തിരിച്ചറിഞ്ഞില്ല. സംഭവം വന്‍ നാണക്കേടായതോടെ മെഡലുകൾ തിരിച്ചു വാങ്ങാനാണ് തീരുമാനം. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡൽ നൽകാൻ ആവശ്യപ്പെടും. പുതിയ മെഡലുകള്‍ നല്‍കാമെന്ന് ഭഗവതി സ്റ്റോഴ്സ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഓരോ യൂണിറ്റ് വഴിയും വിതരണം ചെയ്യാനാണ് തീരുമാനം.

Investigation corruption investigation report keralapolice special investigation team