അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 29-ാം പതിപ്പ് പ്രേക്ഷകപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ചരിത്ര വിജയമാകുമെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമയും സിനിമാന്തരീക്ഷവും നവീകരിക്കുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ചലച്ചിത്രമേളയുടെ മികച്ച സംഘാടനത്തിലും പ്രതിഫലിക്കും.
രാജ്യാന്തര ചലച്ചിത്രമേളയുടെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡന്റുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാൻസ്, മീഡിയ, ഡെലിഗേറ്റ് സെൽ, ടെക്‌നിക്കൽ, സ്‌പോൺസർഷിപ്പ്, വോളന്റിയർ, ഓഡിയൻസ് പോൾ, ഹെൽത്ത്, എക്‌സിബിഷൻ, തിയറ്റർ കമ്മിറ്റി തുടങ്ങി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് 15 തിയറ്ററുകളിലായാണ് നടക്കുന്നത്. 180 സിനിമകൾ പ്രദർശിപ്പിക്കും. മലയാളം സിനിമ റ്റുഡേ എന്ന വിഭാഗത്തിൽ 14 സിനിമകളാണുള്ളത്. സംവിധായകൻ ജിയോ ബേബി ചെയർമാനും നടി ദിവ്യപ്രഭ, സംവിധായകരായ ഫാസിൽ റസാഖ്, വിനു കോളിച്ചാൽ, തിരക്കഥാകൃത്ത് പി.എസ് റഫീക്ക് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മൽസര വിഭാഗത്തിലേക്കു തെരഞ്ഞെടുത്തിട്ടുണ്ട്. വനിതാ സംവിധായകരെ പ്രോൽസാഹിപ്പിക്കുന്ന പാക്കേജ് മുൻ മേളയിലെ പോലെ ഇത്തവണയും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.
മേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് ഇന്ത്യൻ പ്രാദേശികഭാഷാചിത്രങ്ങളിൽ നിന്നും ജയൻ ചെറിയാന്റെ ദ് റിഥം ഓഫ് ദമാം, അഭിജിത് മജുംദാറിന്റെ ബോഡി എന്നീ സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്. സംവിധായകൻ സലിം അഹമ്മദ് ചെയർമാനും സംവിധായകരായ ലിജിൻ ജോസ്, ശാലിനി ഉഷാദേവി, വിപിൻ ആറ്റ്‌ലി, നിരൂപകൻ ആദിത്യ ശ്രീകൃഷ്ണ എന്നിവർ അംഗങ്ങളുമായ സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. ആകെ ഒമ്പത് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്ക് 10 സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര സിനിമാ മേഖലയിലെ ഇരുനൂറോളം വ്യക്തിത്വങ്ങൾ മേളയിൽ പങ്കെടുക്കും. പതിനയ്യായിരം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം. മേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ, ഓപ്പൺഫോറം, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരകപ്രഭാഷണം, മാസ്റ്റർ ക്ലാസ്, പാനൽ ചർച്ച, എക്‌സിബിഷൻ എന്നിവയും നടക്കും.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ സംസാരിച്ചു.