ന്യൂഡൽഹി: വയനാട് ദുരന്ത മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്. വയനാട് ദുരന്തം സംബന്ധിച്ച് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് നോട്ടീസ്.കോൺഗ്രസ് എം പി ജയറാം രമേശാണ് നോട്ടീസ് നൽകിയത്.കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരള സർക്കാർ തുടർനടപടി സ്വീകരിച്ചില്ലെന്നായിരുന്നു അമിത് ഷാ സഭയെ അറിയിച്ചത്.അമിത് ഷായുടെ പ്രസ്താവന തെറ്റാണെന്ന് വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണെന്ന് എന്ന് ജയറാം രമേശ് പറഞ്ഞു.
ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയിൽ പറഞ്ഞത്. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എൻഡിആർഎഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ കേരള സർക്കാരിന് ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നമായിരുന്നു സഭയിലെ അമിത് ഷായുടെ കുറ്റപ്പെടുത്തൽ.
'ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ സ്ഥാപിച്ച കേന്ദ്രത്തിൽ നിന്ന് 29ന് നൽകിയ മുന്നറിയിപ്പിൽ പച്ച അലർട്ടാണ് നൽകിയിക്കുന്നത്. ചെറിയ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന മുന്നറിയിപ്പാണിത്. അപ്പോഴേക്കും അതിതീവ്ര മഴ പെയ്യുകയും ദുരന്തം സംഭവിക്കുകയും ചെയ്തിരുന്നു. ഇരുവരഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പു നൽകിയിരുന്നില്ല. ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെയാണ് അമിത് ഷാ പാർലമെന്റിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത്. കേരളം മുൻകൂട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് എൻഡിആർഎഫ് സംഘത്തെ അയച്ചത്. ഇതിലൊരു സംഘത്തെ വയനാട്ടിൽ വിന്യസിക്കുകയും ചെയ്തിരുന്നു'- ഇതായിരുന്നു അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി.