ഇന്‍ഫോപാര്‍ക്ക് ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാരം ഉയര്‍ത്തി ഹൈക്കോടതി

ഇന്‍ഫോപാര്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വിഷടത്തില്‍ നഷ്ടപരിഹാരം ഉയര്‍ത്തി ഹൈക്കോടതി. 17 വര്‍ഷത്തിനുശേഷമാണ് ഭൂവുടമകള്‍ക്ക് നീതി നടപ്പിലായിരിക്കുന്നത്.

author-image
Punnya
New Update
highcourt

highcourt

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വിഷടത്തില്‍ നഷ്ടപരിഹാരം ഉയര്‍ത്തി ഹൈക്കോടതി. 17 വര്‍ഷത്തിനുശേഷമാണ് ഭൂവുടമകള്‍ക്ക് നീതി നടപ്പിലായിരിക്കുന്നത്. ഭൂമി വിട്ടുകൊടുത്ത 34 പേര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ്. ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഭൂമിക്ക് 7,06,745 രൂപ വീതം അപ്പീലുകാര്‍ക്ക് അര്‍ഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും ഭൂവുടമകള്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി അറിയിച്ചു.
ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തിനായി കുന്നത്തുനാട് വില്ലേജില്‍ 100 ഏക്കറിലേറെ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കല്‍ നിയമം 1894 പ്രകാരം സര്‍ക്കാര്‍ 2007 സെപ്റ്റംബര്‍ 20ന് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. തങ്ങളുടെ ഭൂമിക്ക് സെന്റിന് എട്ടു ലക്ഷം രൂപയായിരുന്നു ഭൂവുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സെന്റിന് 52,520 രൂപയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച തുക. ഒടുവില്‍ 84,000 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കി. നഷ്ടപരിഹാരം കുറഞ്ഞതിന്റെ പേരില്‍ ഭൂവുടമകള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സബ്‌കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. 
നികത്തു ഭൂമി ഉള്‍പ്പെടെ പല വിഭാഗത്തില്‍പ്പെട്ട ഭൂമിയുണ്ടായിരുന്നെങ്കിലും ഒരേ ഉദ്ദേശ്യത്തോടെ ഏറ്റെടുക്കുന്ന ഭൂമിക്ക് ഏകീകൃതമായിട്ടാണ് വില നിശ്ചയിക്കേണ്ടതെന്നു സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

kochi infopark highcourt land acquisition