തൃശൂർ: കോൺഗ്രസ് ദേശീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയെയും കേരളത്തിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരനെയും പുകഴ്ത്തി ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. തൃശൂർ മുരളീ മന്ദിരത്തിലെ കെ. കരുണാകരൻ സ്മൃതി മണ്ഡപത്തിൽ പത്മജ വേണുഗോപാലിനൊപ്പം പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ബി.ജെ.പി ജില്ലാ നേതാക്കളും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
ഇന്ദിര ഗാന്ധിയെ ഭാരതത്തിൻറെ മാതാവായി കാണുന്നത് പോലെയാണ് കേരളത്തിലെ കോൺഗ്രസിൻറെ പിതാവായി കെ. കരുണാകരനെ കാണുന്നതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.ധീരനായ ഭരണകർത്താവ് എന്ന നിലക്ക് കരുണാകരനോട് ആരാധനയുണ്ട്. അതിനാൽ, കരുണാകരൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോടും ഇഷ്ടമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.രാജ്യം നൽകിയ പദവിയിൽ ഇരുന്ന് ഗുരുത്വം നിർവഹിക്കാനാണ് സ്മൃതി മണ്ഡപത്തിൽ എത്തിയത്. ഭാരതീയതക്ക് വേണ്ടി നിലകൊള്ളുന്ന ആളെന്ന നിലയിൽ തൻറെ രാഷ്ട്രീയം വ്യക്തമാണ്. അത് ഉടയാൻ പാടില്ല. വ്യക്തിപരമായ കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല. ശാരദ ടീച്ചർ എൻറെ അമ്മയാണെങ്കിൽ അതിന് മുമ്പ് തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ.
2019ൽ സ്ഥാനാർഥിയായപ്പോൾ കരുണാകരൻറെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ പത്മജയോട് അനുമതി ചോദിച്ചിരുന്നു. എന്നാൽ, വ്യക്തമായ രാഷ്ട്രീയ ദിശാബോധവും ഉത്തരവാദിത്തവും ഉള്ളതിനാൽ അവർ പാടില്ലെന്നും തെറ്റാണെന്നും പറഞ്ഞു. തൻറെ പാർട്ടിക്കാരോട് എന്ത് പറയുമെന്നും ആ ഉത്തരവാദിത്തം തനിക്കുണ്ടെന്നും പത്മജ വ്യക്തമാക്കിയിരുന്നു. അവർ പറഞ്ഞത് ഇത്രയും കാലം താൻ മാനിച്ചെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.താൻ ഗുരുസ്ഥാനം കൽപിച്ച രണ്ട് മഹത് വ്യക്തികൾ തൻറെ രാഷ്ട്രീയപാതയിൽ അല്ലായിരുന്നുവെന്ന പശ്ചാത്തലത്തിൽ തനിക്ക് ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകും. അത് മുരളീധരനോ പത്മജക്കോ തടയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സഹോദരി പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ പോയതിന് പിന്നാലെ മുരളീ മന്ദിരം സംഘി കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്നും ഒറ്റക്കെട്ടായി എതിർക്കുമെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത് വന്നിരുന്നു. പത്മജ വർഗീയ കക്ഷികളുടെ കൂടെ പോയതു കൊണ്ട് ഒരിക്കലും അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും സഹോദരിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.പാർട്ടിയെ ഒരു ഘട്ടത്തിൽ ചതിച്ചവരുമായിട്ട്, അത് സഹോദരിയായാലും ആരായാലും കോംപ്രമൈസില്ല. അച്ഛൻ അന്ത്യ വിശ്രമം കൊള്ളുന്നയിടത്ത് സംഘികൾ നിരങ്ങാൻ ഞങ്ങൾ സമ്മതിക്കില്ല. ഒറ്റക്കെട്ടായി അതിനെ എതിർക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.