കൊച്ചി: യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ പദ്ധതിയുമായികൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാൽ. ഞായറാഴ്ച, വൈകീട്ട് 4 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണിത്. നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനം,കൂടുതൽ ഫൂഡ് കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
2022-ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം, 2000-ലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങൾ സിയാൽ കൈകാര്യം ചെയ്തിട്ടുണ്ട്.ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് 0484 എയ്‌റോ ലോഞ്ച് പ്രവർത്തിക്കുക.കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’ എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാർക്ക് സാധ്യമാകുന്നത്. സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയകൾക്ക് പുറത്തായി, ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.
യാത്രക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ ഈ ലോഞ്ച് സൗകര്യം ഉപയോഗിക്കാൻ സാധിക്കും. എറണാകുളത്തിൻറെ എസ്.ടി.ഡി കോഡിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ലോഞ്ചിന്റെ നാമകരണം. അകച്ചമയങ്ങളിൽ കേരളത്തിൻറെ പ്രകൃതിലാവണ്യം. കായലും വള്ളവും സസ്യജാലങ്ങളും രൂപകൽപ്പനയിൽ തിടമ്പേറ്റുന്നു. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 37 റൂമുകൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ-വർക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററൻറ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.
“യാത്രക്കാർക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതിൽ സിയാൽ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുൻനിർത്തി, നിലവിൽ നടപ്പിലാക്കിവരുന്ന രാജ്യാന്തര ടെർമിനൽ വികസനം, കൂടുതൽ ലോഞ്ചുകളുടെയും ഫൂഡ് കോർട്ടുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം തുടങ്ങിയ പ്രോജക്ടുകൾ അതിവേഗം പുരോഗമിക്കുകയാണ്. 2023 ഒക്ടോബറിൽ ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 7 മെഗാ പദ്ധതികളിൽ മൂന്നെണ്ണം ഇതിനോടകം പ്രവർത്തനം തുടങ്ങി. 0484 എയ്റോ ലോഞ്ച് നാലാമത്തേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ആണിത്. സെക്യൂരിറ്റി ഹോൾഡ് മേഖലയ്ക്ക് പുറത്ത്, താരതമ്യേന കുറഞ്ഞ ചെലവിൽ ലോഞ്ചിൻറെ മുന്തിയ അനുഭവം യാത്രക്കാർക്കും സന്ദർശകർക്കും ലഭ്യമാക്കുകയാണ് സിയാൽ", സിയാൽ മാനേജിങ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.
മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം. പി മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എം. എൽ. എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ഡയറക്ടർമാരായ യൂസഫ് അലി എം. എ., ഇ. കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ. വി. ജോർജ്, ഇ. എം. ബാബു, പി. മുഹമ്മദ് അലി എന്നിവർക്കൊപ്പം മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.