തിരുവനന്തപുരം: ജില്ലയിൽ വീണ്ടും പനിബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു. 31 മുതൽ ഈ മാസം 8 വരെ സർക്കാർ കണക്കിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 7305 ആണ്. ഇതിൽ 62 പേർക്ക് ഡെങ്കി സ്ഥീരീകരിച്ചു. 51 പേർക്ക് ചിക്കൻപോക്സും 19 പേർക്ക് എലിപ്പനിയും പിടിപ്പെട്ടു. തുടർച്ചയായി മഴയുണ്ടായതിന് പിന്നാലെയാണ് പനിബാധിതരുടെ എണ്ണം വീണ്ടും ഉയർന്നത്. കോർപറേഷൻ പരിധിയിലും പുറത്തും പനി ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായി.
ഇവയ്ക്ക് ഒപ്പം വയറിളക്ക രോഗങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഉൾപ്പെടെ മരുന്ന് വിതരണം കാര്യക്ഷമമല്ലെന്ന് പരാതികൾ വ്യാപകമാണ്. പലയിടത്തും പാരസെറ്റമോൾ മാത്രമാണ് ലഭിക്കുന്നത്. ജീവിത ശൈലി രോഗങ്ങൾക്കുള്ള സൗജന്യ മരുന്നുകൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.
കണ്ണമൂല, പാങ്ങാപ്പാറ, പൂന്തുറ, നെടുമങ്ങാട്, കുളത്തൂർ, പാലോട്, വെള്ളനാട്,കല്ലിയൂർ, പാറശാല, അമ്പൂരി, പെരുങ്കടവിള, വെട്ടൂർ, കടകംപള്ളി, കിളിമാനൂർ, കുറ്റിച്ചൽ, വർക്കല, കരവാരം, കാഞ്ഞിരംകുളം, ആനാട്, നേമം, പെരിങ്ങമല, അമ്പലത്തറ, വട്ടിയൂർക്കാവ്, അണ്ടൂർക്കോണം, പൂഴനാട്, പേരൂർക്കട, പുല്ലുവിള തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കി പനി സ്ഥീരീകരിച്ചത്. പനിക്ക് ഒപ്പം ചിക്കൻ പോക്സ് പിടികൂടുന്നവരുടെ എണ്ണം വർധിക്കുന്നതും ആശങ്കയുയർത്തുന്നതാണ്.