അനധികൃതമായി ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബാദുഷ എന്ന പേരിലുള്ള അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് പിടിച്ചെടുത്തത്.
14 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 100 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്. ജില്ലയിലെ വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്റുകളിലും നടത്തിയ മിന്നല്‍ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.
മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പിഴ സര്‍ക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ ഒഴുക്കി കളഞ്ഞു. അഴീക്കോട് ഫിഷറീസ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം എഫ് പോളിന്റെ നിര്‍ദ്ദേശത്തില്‍ അഴീക്കോട് ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ്ങ് എന്നിവര്‍ ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.