ഇടുക്കി: വിവാദ സിനിമ ദ കേരള സ്റ്റോറി വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ച് ഇടുക്കി രൂപത.കഴിഞ്ഞ വ്യാഴാഴ്ചാണ് സിനിമയുടെ പ്രദർശനം നടന്നത്.വിശ്വാസോത്സവത്തിൻറെ ഭാഗമായിട്ടായിരുന്നു ഇടുക്കി രൂപതയിൽ സിനിമ പ്രദർശിപ്പിച്ചത്.രൂപതയിലെ പത്ത് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സിനിമ പ്രദർശിപ്പിച്ചത്.പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിൻറെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നിൽ സിനിമ പ്രദർശിപ്പിച്ചതെന്നാണ് രൂപത അധികൃതരുടെ വിശദീകരണം.
സംഭവം ചർച്ചയായതോടെ ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണമായി രംഗത്തെത്തിയിരിക്കുകയാണ് ഇടുക്കി രൂപത. ക്ലാസിലെ ഒരു വിഷയം പ്രണയമായിരുന്നവെന്ന് ഫാ. ജിൻസ് കാരക്കാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്.നിരവധി കുട്ടികൾ പ്രണയക്കൂരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തതെന്നും ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി.
വൻ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് വിവാദ സിനിമ 'ദ കേരള സ്റ്റോറി' ദൂരദർശനിൽ സംപ്രേഷണം ചെയ്തത്.ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവുമടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. കേരളത്തെ താഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.അതെസമയം കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും നഗ്നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു.
വൻ വിവാദങ്ങൾ അഴിച്ചുവിട്ട ദ കേരള സ്റ്റോറി സിനിമ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയിൽ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഇതിൻറെ കണക്കുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.