കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതി അന്വേഷിക്കാന്‍ ഉത്തരമേഖല ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കണമെന്നും നിർദേശത്തിലുണ്ട്.
പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരത്തിലാണ് അതിജീവിത. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും കമ്മിഷണര്‍ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മിഷണറെ കാണാനെത്തിയ അതിജീവിതയെ ഓഫിസ് കവാടത്തിനു മുൻപിൽ റോഡിൽ പൊലീസ് തടഞ്ഞു നിർത്തിയതായും പരാതിയുണ്ട്.
തന്നെ മാത്രം അകത്തു വിടണമെന്നും, വനിതാ പൊലീസ് നിൽക്കുന്നിടത്തോ വിശ്രമമുറിയിലോ കാത്തുനിൽക്കാം എന്നു യുവതി പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. കമ്മിഷണർ വരുന്നതു വരെ റോഡരികിൽ നിൽക്കേണ്ടി വന്നു. അതിജീവിത എന്ന പരിഗണന നൽകാതെ തന്നെ പൊതുസ്ഥലത്തു ഒരു പ്രദർശന വസ്തുവാക്കിയെന്നു യുവതി ആരോപിച്ചു.
തൻറെ മൊഴിയെടുത്ത വനിതാ ഡോക്ടർ കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്. എന്നാൽ, റിപ്പോർട്ട് നേരിട്ടു നൽകാനാവില്ലെന്നും വിവരാവകാശ കമ്മിഷൻ ചെയർമാന് അപ്പീൽ നൽകിയാൽ റിപ്പോർട്ട് ലഭിക്കുമെന്നുമായിരുന്നു സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ നൽകിയ മറുപടി.