കോഴിക്കോട് : മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്.മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നതെന്നും ഒരിക്കലും തമ്മിൽ തല്ലിപ്പിക്കില്ലെന്നും മനാഫ് പറഞ്ഞു.അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു.
സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസെടുത്ത കാര്യം രാവിലെയാണ് അറിയുന്നത്. അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഇനി കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പറഞ്ഞു. വൈകാരികമായിട്ടായിരുന്നു മനാഫിന്റെ പ്രതികരണം.
അർജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് താൻ പറഞ്ഞിരുന്നു. എന്നെക്കൊണ്ട് കഴിയും വിധം അഭ്യർഥിച്ചിട്ടുണ്ട്. ഈ സമയം വരെ അർജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അങ്ങോട്ടും അവരുടെ കൂടെത്തന്നെയാകും. കേസെടുത്ത് ജയിലിൽ അടച്ചാലും അവരുടെ കൂടെത്തന്നെയാണ്. ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മനാഫ്തന്റെ യൂട്യൂബ് ചാനൽ എല്ലാവർക്കും കാണാൻ പറ്റും. അതിൽ അവരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നും മനാഫ് പറഞ്ഞു.
അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിൽ ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്. അർജുന്റെ ചിത്രം ഉപയോഗിച്ച് ‘ലോറി ഉടമ മനാഫ്’ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇതുവഴി അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.