തിരുവനന്തപുരം: സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി കെ ശശിയെ പുകഴ്ത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല. നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും ഗണേഷ് കുമാർ പറഞ്ഞു.
പി കെ ശശിയെക്കുറിച്ച് അഭിമാനത്തോടെ എവിടെയും പറയും, അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. എംഎൽഎ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം രാഷ്ട്രീയം നോക്കാതെ സ്‌നേഹത്തിന് മുൻതൂക്കം കൊടുത്ത് സഹായിക്കുന്ന വ്യക്തിയാണ്. മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ് ശശി.
അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകർക്കുന്നതെന്ന് ഓർക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങൾക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കാരനെയും ആർക്കും വേണ്ട,നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കായുള്ള മരത്തിൽ കല്ലെറിഞ്ഞാലല്ലേ ആരെങ്കിലും എറിഞ്ഞെന്നറിയൂ. അല്ലാതെ കായില്ലാത്ത മരത്തിൽ ആരെങ്കിലും കല്ലെറിയുമോ. പി കെ ശശിയുടെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ വേണ്ടി ചില ശ്രമങ്ങൾ നടക്കുന്നു. ആ ശ്രമങ്ങളിൽ സത്യമില്ലെന്ന് തനിക്കറിയാമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങളിൽ പി കെ ശശിക്കെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചതായാണ് വിവരം. പാർട്ടി ഓഫീസ് നിർമ്മാണഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ബിനാമി സ്വത്തുക്കൾ സമ്പാദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശശിക്കെതിരെയുള്ളത്. കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേത് തുടങ്ങിയ കാര്യങ്ങൾ പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.