ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ നമ്മൾ അത് കണ്ടതാണ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയധികം രാഷ്ട്രീയ ബോധമോ ആശയ വിനിമയ സാധ്യതകളില്ലാതിരുന്ന കാലത്തും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി, അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക. അതിന്റെ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്ന് തന്നെ ജനാധിപത്യത്തിന് അതിന്റെതായ മെക്കാനിസമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് താൻ എന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.
തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല,' എന്നായിരുന്നു രഞ്ജി പണിക്കരുടെ മറുപടി.