വയനാട്: വയനാടിൽ മുൻപ് വന്നപ്പോളും ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ചാണ് പ്രിയങ്ക തന്റെ പ്രസംഗം തുടങ്ങിയിരുന്നത്. വയനാടുകാരുടെ സ്നേഹത്തോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്ന സമയത്ത് കണ്ട ത്രേസ്യാമ്മയെക്കുറിച്ചും വാചാലയായി. വയനാട്ടിൽ തനിക്കൊരു അമ്മയെ കിട്ടിയെന്നും അവരുടെ ആലിംഗനത്തിൽ സ്നേഹവും ആത്മാർഥതയും നിറഞ്ഞിരുന്നുവെന്നും പറഞ്ഞ പ്രിയങ്ക ഇത് ഈ മണ്ണിന്റെ മാതൃസ്നേഹമാണ് എന്നും പറഞ്ഞു.
വയനാട്ടിലെ ജനങ്ങൾ ധൈര്യശാലികളാണ് എന്നും പ്രിയങ്ക പറഞ്ഞു. ചൂരൽമലയിൽ ദുരന്തത്തിന് ശേഷം എത്തിയപ്പോൾ ഈ ജനങ്ങളുടെ പരസ്പര സ്നേഹവും പരിഗണനയും താൻ നേരിട്ടറിഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ നിരന്തരം പോരാടിയ ചരിത്രമുള്ളവരാണ് ഈ നാട്ടുകാരെന്നും ഏറെ സമ്പന്നമായ ചരിത്രം കൂടി ഈ നാടിന് അവകാശപ്പെടാനുണ്ട് എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വയനാടിന്റെ ഊഷ്മളതയെക്കുറിച്ച് ആദ്യം വാചാലയായ പ്രിയങ്ക പിന്നീട് ശക്തമായ രാഷ്ട്രീയം പറയുന്നതാണ് കണ്ടത്. രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞുതുടങ്ങിയ പ്രിയങ്ക ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നിരന്തരം ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും പറഞ്ഞു. കേന്ദ്രസർക്കാർ നയം ബിസിനസുകാരെ സഹായിക്കുന്നതെന്നും, കർഷർക്ക് സർക്കാർ നൽകുന്നത് വാഗ്ദാനം മാത്രമെന്നും അവർ വിമർശിച്ചു.