പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ഇത് പുതിയ കാര്യമല്ലെന്നും തനിക്ക് ഒരു ഭയവുമില്ലെന്നും പി ശശി പറഞ്ഞു. ‘അതേസമയം പി ശശിക്കെതിരായ ആരോപണങ്ങളിൽ സിപിഎം അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തനിക്കൊരു ഭയവുമില്ലെന്നാണ് പി ശശിയുടെ പ്രതികരണം. ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. അവർക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, പേടിയും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980ൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതുമുതൽ ഞാൻ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും എന്നിട്ടും ഞാൻ ഇത്രയും ദൂരം എത്തിയിരിക്കുന്നുവെന്നും പി ശശി പറഞ്ഞു.
അതിനിടെ പി.വി അൻവർ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി സിപിഎം അന്വേഷിക്കാൻ ധാരണയായി. പി.ശശിക്ക് എതിരായ ആരോപണങ്ങൾ അന്വേഷിക്കാനാണ് പാർട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചർച്ച ചെയ്യും. അതേസമയം അൻവറിൻ്റെ പരാതി ഗൗരവത്തോടെ കാണണമെന്ന് നേതൃത്വത്തിന്റെ ധാരണ.
ഇക്കഴിഞ്ഞ ദിവസമാണ് പി. ശശിയെ കടന്നാക്രമിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ രംഗത്തെത്തിയത്. പി. ശശി പരാജയമാണെന്ന് പി വി അൻവർ പറഞ്ഞു. പി. ശശി ഉത്തരവാദിത്വം നിർവഹിച്ചിട്ടില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തി.