കൊച്ചിയിൽ നിന്ന് ലാവോസിലേക്ക് മനുഷ്യക്കടത്ത്; പള്ളുരുത്തി സ്വദേശി അറസ്റ്റിൽ

ലാവോസിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞാണ് യുവാക്കളെ അഫ്സർ സമീപിച്ചത്. 50000 രൂപ വീതം വാങ്ങിയ ശേഷം ഇവരെ ലാവോസിൽ എത്തിച്ചു.

author-image
Anagha Rajeev
New Update
afsal ashraf
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചിയിൽ നിന്ന് ലാവോസിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ പള്ളുരുത്തി സ്വദേശി അറസ്റ്റിൽ. അഫ്സർ അഷറഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊഴിലന്വേഷകരായ യുവാക്കളെ വിദേശത്തെത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റെന്നാണ് കേസ്. നാലുലക്ഷം രൂപക്കാണ് ആളുകളെ ചൈനീസ് കമ്പനിക്ക് വിറ്റതെന്ന് എഫ്ഐആറിൽ പറയുന്നു.

പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പ്രതി ലാവോസിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. ലാവോസിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞാണ് യുവാക്കളെ അഫ്സർ സമീപിച്ചത്. 50000 രൂപ വീതം വാങ്ങിയ ശേഷം ഇവരെ ലാവോസിൽ എത്തിച്ചു. അവിടെ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന യിങ് ലോങ് എന്ന ചൈനീസ് കമ്പനിക്ക് യുവാക്കളെ അഫ്സർ വിറ്റു. 

തൊഴിൽ കരാർ എന്ന പേരിൽ ചൈനീസ് ഭാഷയിൽ വ്യവസ്ഥകൾ രേഖപ്പെടുത്തിയ കടലാസുകളിൽ യുവാക്കളെ കൊണ്ട് ഒപ്പ് ഇടീപ്പിച്ചതിന് ശേഷമാണ് കമ്പനി നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. യുവാക്കളുടെ പാസ്പോർട്ടും ചൈനീസ് കമ്പനി പിടിച്ചു വച്ചു. തുടർന്ന് യുവാക്കളെ കൊണ്ട് ഓൺലൈനിൽ നിർബന്ധിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തിക്കുകയായിരുന്നു.

ഇവിടെ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് നൽകിയ പരാതിയിലാണ് അഫ്സർ അഷറഫ് പിടിയിലായത്. ഇന്ത്യക്കാരെ ചാറ്റിംഗ് ആപ്പുകളിലൂടെ ബന്ധപ്പെട്ട ശേഷം ഓൺലൈൻ ട്രേഡിംഗിൻറെ പേര് പറഞ്ഞാണ് കമ്പനി പണം തട്ടിയിരുന്നത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു.

human trafficking human trafficking case