തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് പുറത്തായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. പൊലീസിനും ജയിൽ വകുപ്പിനുമാണ് അന്വേഷണ ചുമതല.സംഭവത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം.ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോർന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പൊലീസിൽ നിന്നാണോ കത്ത് ചോർന്നതെന്ന് കണ്ണൂർ ഡിഐജിയും അന്വേഷിക്കുമെന്നാണ് വിവരം.
അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട കത്താണ് പുറത്തുവന്നത്.ഇതിനിടെയാണ് സബ്മിഷനിൽ ട്രൗസർ മനോജിന് കൂൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത് കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയിരുന്നത്. 20 വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയിൽ ട്രൗസർ മനോജുമുണ്ടായിരുന്നു.
കണ്ണൂർ ജയിൽ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയത്. സർക്കാർ നിർദ്ദേശ പ്രകാരം പ്രത്യേക ഇളവ് നൽകി പ്രതികളെ വിട്ടയക്കുന്നതിൻറെ ഭാഗമായി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂൺ 13 നാണ് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. പട്ടികയിൽ മൂന്നാമനായി ഇടം പിടിച്ചത് ടിപി കേസിലെ രണ്ടാം പ്രതി ടികെ രജീഷായിരുന്നു. 47, 48 പേരുകൾ അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി എന്നിവരുടേതായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ പിഴവെന്നായിരുന്നു സർക്കാരിൻരെ ന്യായീകരണം.