മഞ്ഞുമ്മല്‍ ബോയ്‌സ് കേസ്; നിര്‍മ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്.

author-image
anumol ps
New Update
manjummal boys

ചിത്രത്തിന്റെ പോസ്റ്റര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി:  'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. മെയ് 22 ന് തന്നെ കേസ് കോടതി വീണ്ടും പരിഗണിക്കും. 

നേരത്തെ ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം മരട് പൊലീസ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ സൗബിനും ഷോണും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിര്‍ദേശം.

ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദാണ് പരാതിക്കാരന്‍. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഏഴു കോടി രൂപ ചിത്രത്തിനായി താന്‍ മുതല്‍ മുടക്കിയെന്നും 2022 നവംബര്‍ 30ന് ഒപ്പുവച്ച കരാര്‍ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്ക് നല്‍കണമെന്നുമാണ് സിറാജ് പറയുന്നത്. പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ഇത് പാലിച്ചില്ലെന്നും സിറാജ് പറയുന്നു.

എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചിത്രം 250 കോടി നേടി എന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സിറാജ് വലിയ തുക ആവശ്യപ്പെടുകയായിരുന്നു എന്ന് സൗബിനും ഷോണും പറയുന്നു. നടീനടന്മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കുമൊക്കെ പണം നല്‍കാനുണ്ട്. ചിത്രത്തിന്റെ വരവു ചിലവുകള്‍ കണക്കാക്കിയതിനു ശേഷം കരാര്‍ അനുസരിച്ചുള്ള ലാഭവിഹിതം നല്‍കാമെന്ന് തങ്ങള്‍ അറിയിച്ചതാണ്. എന്നാല്‍ സിറാജ് ഇത് അംഗീകരിക്കാന്‍ തയാറായില്ലെന്നും കൊമേഴ്‌സ്യല്‍ കോടതിയെ സമീപിച്ചെന്നും നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. 

സിനിമയുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ടായിരുന്നു കൊമേഴ്‌സ്യല്‍ കോടതിയെ സമീപിച്ചത്. ഇതിനു പുറമെയാണ് കോടതിയെ സമീപിച്ച് ക്രിമിനല്‍ ഹര്‍ജി നല്‍കുന്നത്. സിവില്‍ തര്‍ക്കമാണ് ഇരു കൂട്ടരും തമ്മിലുള്ളത് എന്നത് ആദ്യ പരാതി നല്‍കിയതില്‍ നിന്നു തന്നെ വ്യക്തമാണ്. തങ്ങള്‍ക്കെതിരെയുള്ള കേസ് നല്ല ഉദ്ദേശ ശുദ്ധിയോടെയുള്ളതല്ലെന്നും ഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും തങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി നേട്ടമുണ്ടാക്കാന്‍ നോക്കുന്നതിന്റെ ഭാഗമാണ് ഈ കേസെന്നും സൗബിനും ഷോണും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്നാണ് ഇതിനു മറപടി നല്‍കാന്‍ സിറാജിന് സമയം അനുവദിച്ചും 22 വരെ സൗബിനെയും ഷോണിനെയും അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ നിര്‍ദേശിച്ചത്.  

highcourt manjummal boys stay arrest producers