തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ താപനില ഉയർന്നു. ശരാശരി ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് മാത്രം 40.4 ഡിഗ്രി സെൽഷ്യസ് താപനിലയിലെത്തി.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ താപനില ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്ന ഹീറ്റ് ഇൻഡെക്‌സിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ചില പ്രദേശങ്ങളിൽ ഇൻഡെക്‌സ് 40 ഡിഗ്രി സെൽഷ്യസ് മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.അതേസമയം സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കൊല്ലം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എത്തിയേക്കാം. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.