ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; കേസ് വൈകിപ്പിക്കാന്‍ നീക്കമെന്ന് അതിജീവിത

  നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധനയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്

author-image
Rajesh T L
Updated On
New Update
dileep

ദിലീപ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിന് വന്‍ തിരിച്ചടി. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴിയുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍.നഗരേഷ്, പി.എം.മനോജ് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 

തീര്‍പ്പാക്കിയ ഹര്‍ജിയിലാണ് മൊഴി പകര്‍പ്പ് കൊടുക്കാന്‍ കോടതി ഉത്തരവിട്ടത് എന്നായിരുന്നു ദിലീപിന്റെ ഹര്‍ജിയില്‍ പറഞ്ഞത്. സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ വിധി പറഞ്ഞിട്ടുണ്ട്. സാക്ഷി മൊഴി കൊടുക്കാന്‍ ഉത്തരവിട്ടത് ഈ ഉത്തരവുകളുടെ ലംഘനമായിരുന്നു എന്നായിരുന്നു ദിലീപിന്റെ വാദം. 

നേരത്തെ, മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട എന്‍ക്വയറിയിലെ സാക്ഷിമൊഴികളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണു ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയുടെ കസ്റ്റഡിയിലുള്ളപ്പോള്‍ അനധികൃതമായി പരിശോധിക്കപ്പെട്ടതെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. അന്തസ്സോടെ ജീവിക്കാനുള്ള തന്റെ അവകാശം ലംഘിച്ചു. ആരാണ് അനധികൃതമായി ഇത് പരിശോധിച്ചത് എന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടത് താനാണ്. ഇതിന്റെ റിപ്പോര്‍ട്ട് പോലും തരാന്‍ വിചാരണ കോടതി തയാറായില്ല. ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ലഭിച്ചത്. 

അതുപോലെ താന്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഉണ്ടായ കാര്യങ്ങളെക്കുറിച്ചുള്ള പുരോഗതി അറിയുന്നതില്‍ പ്രതിക്ക് എന്താണ് പ്രശ്‌നമെന്നും അതിജീവിത ചോദിച്ചു. എന്തിനാണ് സാക്ഷി മൊഴി തനിക്ക് ലഭിക്കുന്നതിനെ പ്രതി എതിര്‍ക്കുന്നതെന്നും അതിജീവിത ചോദിച്ചു. കേസ് മനഃപൂര്‍വം വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായും അതിജീവിത വാദിച്ചു.
 
നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധനയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ അന്വേഷണമല്ല ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തീര്‍പ്പാക്കിയ കേസില്‍ ഉപഹര്‍ജിയുമായാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. അതിനാല്‍, ഈ ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വിശദമായ വാദം മേയ് 30ന് നടക്കും. നേരത്തെ എന്‍ക്വയറി റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കുന്നതിനെയും ദിലീപ് എതിര്‍ത്തിരുന്നു. 

മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒരു മജിസ്ട്രേറ്റും കോടതിയിലെ ജീവനക്കരാനും ഈ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തിരുന്നുവെന്നായിരുന്നു വിവരം. തുടര്‍ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിലേക്ക് നയിച്ച മൊഴികളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത ജില്ലാജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. 

എന്നാല്‍ ജില്ലാ ജഡ്ജി അത് നിഷേധിക്കുകയായിരുന്നു. പിന്നാലെ മൊഴിപകര്‍പ്പുകള്‍ക്കായി അതിജീവിത ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് മൊഴിപകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

 

 

kerala dileep High Court dileep case