കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിൻറെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി.
മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാലും രഞ്ജിത്ത് തോമസുമാണ് ഹര്‍ജി നൽകിയത് വീടിൻറെയും കാറിൻറെയും സ്വകാര്യ ജെറ്റിൻറെയും വിവരങ്ങള്‍ രാജീവ് നല്‍കിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്നും ആണ് ഹര്‍ജിയില്‍ ആരോപിക്കുന്നത് .
രാജീവ് ചന്ദ്രശേഖര്‍ നാമനിർദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തു വിവരം മറച്ചു വച്ചുവെന്ന് പരാതി നല്‍കിയെങ്കിലും വരണാധികാരി ഇതിൻറെ സൂക്ഷ്മത പരിശോധിക്കാതെയാണ് പത്രിക സ്വീകരിച്ചതെന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഇല്ലെന്ന് വ്യക്തമാക്കിയാണ് പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നൽകിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാജീവ് ചന്ദ്രശേഖറിൻറെ പത്രിക സ്വീകരിച്ച സാഹചര്യത്തില്‍ പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുകയാണ് ചെയ്യേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കികൊണ്ടാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ വി.ജി.അരുണ്‍, എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.