തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ ആരുടെയൊക്കെ പേരുണ്ട് എന്നത് സർക്കാരിന് വിഷയമല്ല. കോടതിയും കമ്മീഷനും നിർദേശിച്ച രീതിയിൽ റിപ്പോർട്ട് പുറത്തു വിടും. വിഷയത്തിൽ സർക്കാരിന് ഒരു ഒളിച്ചു കളിയുമില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മലയാള സിനിമാ രംഗത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉച്ചയ്ക്ക് 2.30 ന് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട അപേക്ഷകരെ ഇക്കാര്യം അറിയിച്ചു. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
മൊഴി നൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകൾ ഒഴിവാക്കി 233 പേജുള്ള റിപ്പോർട്ടാണ് പുറത്തു വിടുന്നത്. 2017 ൽ രൂപീകരിച്ച ഹേമ കമ്മിറ്റി 2019 ലാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.