ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം കേരള സര്‍ക്കാര്‍ മറച്ചു വെച്ചുവെന്നും ഇത് ഗൂഢാലോചനയായിരുന്നുവെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

author-image
Vishnupriya
New Update
human rights commission on hema committee report

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം കേരള സര്‍ക്കാര്‍ മറച്ചു വെച്ചുവെന്നും ഇത് ഗൂഢാലോചനയായിരുന്നുവെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പുറത്തുവന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും സിനിമാ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

എന്നാൽ, റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ ബുധനാഴ്ച സുപ്രീംകോടതി വിസമ്മതിച്ചു. സ്റ്റേ ആവശ്യം പിന്നീട് പരിഗണിക്കാമെന്നുപറഞ്ഞ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചുകൊണ്ട് കേസ് മൂന്നാഴ്ചത്തേക്കു മാറ്റി. ഹൈക്കോടതി ഉത്തരവിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ മറുപടികൂടി കേള്‍ക്കാമെന്ന് പറഞ്ഞ സുപ്രീംകോടതി, സ്റ്റേ ആവശ്യം അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ പരിശോധിക്കാമെന്ന് വ്യക്തമാക്കി. അങ്ങനെയെങ്കില്‍ അറസ്റ്റോ മറ്റ് നടപടികളോ പാടില്ലെന്ന് ഉത്തരവിറക്കണമെന്ന് റോഹ്തഗി ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി തയ്യാറായില്ല.

Supreme Court hema committee report