തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ടു മരണം. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മരിച്ചത്.
മര്യനാട് മത്സ്യബന്ധനത്തിന് പോയപ്പോൾ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം. കൂടെയുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി താളുംകണ്ടത്ത് സനീഷ് പുഴയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആലപ്പുഴയിൽ മരം വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ആറാട്ടുവഴി സ്വദേശി ഉനൈസ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച മട്ടാഞ്ചേരിയിൽ വെച്ചാണ് മരം വീണ് പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കനത്തമഴയിൽ എറണാകുളം ജില്ലയിൽ 31 വീടുകൾക്ക് നാശനഷ്ടമുണ്ടായി. കുട്ടനാട്ടിൽ എൻഡിആർഎഫിനെ വിന്യസിച്ചു. കല്ലാർപുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ചാക്കോച്ചൻപടി ഭാഗത്ത് അഞ്ചു കുടുംബങ്ങൾ ഒറ്റപ്പെട്ടു. കുറ്റ്യാടി മെയ്‌ലോത്രയിൽ ബാബുവിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീടു തകർന്നു.
കനത്ത മഴയെത്തുടർന്ന് പമ്പ അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നു. പെരിയാർ, മൂവാറ്റുപുഴ ആറുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല, പമ്പ നദികളിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.