സംസ്ഥാനത്ത് കനത്ത മഴ: മിന്നലില്‍ ഒരു മരണം, പലയിടത്തും വെള്ളംകയറി

തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു.

author-image
Prana
New Update
heavy rain inm kerala

സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ. ഇടിമിന്നലേറ്റ് ആലപ്പുഴയില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജോലിക്കിടെ ഇടിമിന്നലേറ്റാണ് ഹരിപ്പാട് ആനാരി വലിയ പറമ്പില്‍ ശ്യാമള ഉത്തമന്‍ (58) ആണ് മരിച്ചത്. വീയപുരം  സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്നു ശ്യാമള. എറണാകുളത്തും മഴ തുടരുകയാണ്. തൃക്കാക്കരയില്‍ രണ്ട് ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. കാക്കനാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിന് സമീപത്തും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് കുഴിക്കാല അമ്പലത്തിന് സമീപത്തെയും തണല്‍ മരങ്ങളാണ് കടപുഴകിയത്. സിവില്‍ ലൈന്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. തൃക്കാക്കര ഫയര്‍ സ്‌റ്റേഷനിലെ റെസ്‌ക്യു ടീം മരങ്ങള്‍ മുറിച്ചു മാറ്റുകയാണ്.
ശക്തമായ കാറ്റും മഴയും മൂലം കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടായി. വെള്ളലശ്ശേരിയില്‍ ചെമ്പകശ്ശേരി വിലാസിനിയുടെ വീടിനു മുകളില്‍ പനയും മരങ്ങളും വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ഉണ്ടായിരുന്ന ചെമ്പകശ്ശേരി വിലാസിനിക്കും തലക്ക് പരിക്കേറ്റു. ചാത്തമംഗലത്തെ മിക്ക റോഡുകളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട് . നിരവധി തെങ്ങുകളും മറ്റു മരങ്ങളും വാഴ കൃഷിയും നശിച്ചു. കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്താണ് വീടുകളില്‍ വെള്ളം കയറിയത്. ഇവിടെയുള്ളവര്‍ ബന്ധുവീടുകളിലേക്ക് മാറി.

flood death lightening heavy rainfall