തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത. കേരള തീരത്തിന് അരികെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. 7 ദിവസം വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാത്രിയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇടുക്കിയില്‍ വെള്ളിയാഴ്ച രാത്രി കനത്ത മഴ ലഭിച്ചു. വെള്ളിയാമറ്റത്ത് രണ്ട് ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വീതം ഉയര്‍ത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ മഴയില്‍ വ്യാപകനാശമുണ്ടായി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചിലുമുണ്ടായി. ഇടുക്കി ജില്ലയില്‍ രാത്രിയാത്ര കലക്ടര്‍ നിരോധിച്ചു.
തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ കരിപ്പലങ്ങാട്ട് മണ്ണിടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. പാതയില്‍ നാടുകാണിക്കടുത്ത് വെള്ളിയാഴ്ച വൈകിട്ടാണ് മണ്ണിടിഞ്ഞുവീണത്. 2 കാറുകള്‍ മണ്ണിനും മരങ്ങള്‍ക്കുമടിയില്‍ കുടുങ്ങി.