തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. രണ്ട് ജില്ലകളിൽ ഇന്നും നാളെയും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് നിലവിൽ തടസ്സമില്ല.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 'ദന' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ന്യൂനമർദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒഡീഷ-ബംഗാൾ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുകയെന്നും മുന്നറിയിപ്പുണ്ട്.