തുലാവര്‍ഷം വരുന്നു; അടുത്ത ഒരാഴ്ച ശക്തമായ ഇടിയോട് കൂടിയ മഴ

തുലാവര്‍ഷത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍. അതിന്റെ ഭാഗമാണ് ഇപ്പോള്‍ പെയ്യുന്ന, തുലാവര്‍ഷത്തിന്റെ സ്വഭാവമുള്ള ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ.

author-image
Vishnupriya
New Update
rain will continue in kerala yellow alert in two districts today

മലപ്പുറം: അടുത്ത ഒരാഴ്ച സംസ്ഥാനത്ത്  ഇടിയും മിന്നലുമായി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍. പലയിടത്തും ഇടിയും മിന്നലും ശക്തമായ മഴയും പെയ്യുന്നുണ്ടെങ്കിലും തുലാവര്‍ഷത്തിന്റെ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) തുടക്കമായിട്ടില്ല. കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍. അതിന്റെ ഭാഗമാണ് ഇപ്പോള്‍ പെയ്യുന്ന, തുലാവര്‍ഷത്തിന്റെ സ്വഭാവമുള്ള ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പലയിടത്തും ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെരുമഴയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഒരുമണിക്കൂറിനിടെ 92 മി.മീ. മഴയാണു പെയ്തത്. മേഘവിസ്ഫോടനത്തിനു സമാനമായ മഴ എന്നാണ് കാലാവസ്ഥാവിദഗ്ധനും സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ രാജീവന്‍ എരിക്കുളം പറഞ്ഞത്. മഞ്ചേരിയിലും അതിശക്തമായ മഴയായിരുന്നു.

വരുംദിവസങ്ങളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നു. അതിന്റെ സ്വഭാവത്തിനനുസരിച്ച് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം, മലയോരമേഖലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. മലയോരങ്ങളിലെ വിനോദസഞ്ചാര മേഖലകളിലും പുഴകളിലും പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ച നിലമ്പൂരിനടുത്ത് വഴിക്കടവില്‍ ഒരുമണിക്കൂറിനുള്ളില്‍ 82 മി.മീ. മഴയാണു പെയ്തത്. മുണ്ടേരിയില്‍ 73 മി.മീറ്ററും. പൂക്കോട്ടുംപാടം ചേലോട്ട് അരമണിക്കൂറില്‍ 65 മി.മീ. മഴ പെയ്തു.

ഒക്ടോബര്‍ 15 ആകുമ്പോഴേയ്ക്ക് കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. ഒക്ടോബര്‍ ഇരുപതോടെയാണ് തുലാവര്‍ഷത്തിനു തുടക്കമാകാറുള്ളത്. അതോടെ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, തെക്കന്‍ കര്‍ണാടക, ആന്ധ്രാതീരങ്ങള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സീസണ്‍ തുടങ്ങും.

അവസാനദിവസങ്ങളിലേക്കെത്തിയ കാലവര്‍ഷത്തില്‍ ഇത്തവണ കേരളത്തിലെ ശരാശരിക്കണക്കനുസരിച്ച് 13 ശതമാനം കുറവാണുള്ളത്. തുലാവര്‍ഷത്തില്‍ കേരളത്തില്‍ ശരാശരി 492 മില്ലീമീറ്റര്‍ മഴയാണു ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം തുലാവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിച്ചിരുന്നു. ഒക്ടോബര്‍ പകുതിമുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷകാലത്ത് ഇക്കൊല്ലവും ശരാശരിയിലധികം മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

സീസണില്‍ മേഖലയിലാകെ 12 ശതമാനമെങ്കിലും മഴ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തുലാവര്‍ഷകാലത്ത് വടക്കന്‍ കേരളത്തെ അപേക്ഷിച്ച് മധ്യ തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയുണ്ടാകാറുള്ളത്. എന്നാല്‍, ഇത്തവണ വടക്കന്‍ കേരളത്തിലും മഴയ്ക്ക് കുറവുണ്ടാകില്ലെന്നാണ് നിരീക്ഷണം.

heavy rain alert