ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്

author-image
Sukumaran Mani
Updated On
New Update
Rain

Rain in Kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ , ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. കടലില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കിയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത ബുധാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും പിന്നീടത് അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യത ഉണ്ട്.

ഇത്തവണത്തെ കാലവര്‍ഷം ഇന്നലെ ആന്‍ഡമാനില്‍ പ്രവേശിച്ചു. സാധാരണയിലും മൂന്ന് ദിവസം മുന്‍പാണ് കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിയത്. മെയ് 31ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.

കേരളതീരത്ത് ഇന്ന് രാത്രിവരെ ഒന്നര മീറ്റര്‍ ഉയരത്തില്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കും. ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും മത്സ്യബന്ധന വള്ളങ്ങള്‍ കെട്ടിയിട്ട് സൂക്ഷിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലില്‍ മോശംകാലാവസ്ഥ തുടരുന്നതിനാല്‍ കടലില്‍ പോകുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

monsoon season kerala rains heavy rain alert