തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ബുധനാഴ്ച11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂരിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്. 40 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ ചൂട് വർദ്ധിച്ചേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കൊല്ലം, പാലക്കാട്, ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. പത്തനംതിട്ടയിൽ 38 ഡിഗ്രി സെൽഷ്യസും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. താപനില കൂടുന്നതിനാൽ ഉഷ്ണകാല രോഗങ്ങളെ കരുതിയിരിക്കണമെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.