തിരുവനന്തപുരം: സ്റ്റെന്‍ഡ് വിതരണം നിലച്ചതോടെ സംസ്ഥാനത്ത് പല സര്‍ക്കാര്‍ ആശുപത്രികളിലും ഹൃദയശസ്ത്രക്രിയകള്‍ പ്രതിസന്ധിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ണമായി നിലച്ചു. അടിയന്തര ശസ്ത്രക്രിയക്ക് എത്തുന്നവരെ പോലും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത് രണ്ട് കാത്ത് ലാബുകളാണ്. ഇവിടങ്ങളിലായി ഒരു ദിവസം മുന്‍കൂട്ടി നിശ്ചയിച്ചതും അടിയന്തരഘട്ടത്തില്‍ വരുന്നതുമായി 25ല്‍ അധികം ഹൃദയ ശസ്ത്രക്രിയകളാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം നിലച്ച അവസ്ഥയിലാണ്. നാല് ദിവസമായി ഹൃദയ ശസ്ത്രക്രിയകള്‍ ഒന്നും നടന്നിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ പോലും സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. സൂപ്രണ്ട് അടക്കമുള്ളവരെ വിവരമറിയിച്ചിട്ടും കുടിശ്ശിക തീര്‍ക്കാനുള്ള നടപടികള്‍ ഒന്നുമായിട്ടില്ലെന്നും വിമര്‍ശനമുണ്ട്.
സംസ്ഥാനത്ത് ഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന 19 സര്‍ക്കാര്‍ ആശുപത്രികളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക നല്‍കാനുള്ളത്. 49 കോടിയിലധികം രൂപയാണ് കുടിശ്ശിക. അതേസമയം സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ പരിയാരം മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ്, പാലക്കാട് ജനറല്‍ ആശുപത്രി എന്നിവര്‍ കഴിഞ്ഞവര്‍ഷം നവംബര്‍ വരെയുള്ള കുടിശ്ശിക തീര്‍ത്തു. സ്റ്റെന്‍ഡ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക 113 കോടി രൂപയില്‍ അധികമാണ്.