ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായ എം.എസ്. വല്യത്താൻ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആദ്യ ഡയറക്ടറാണ്.

author-image
Greeshma Rakesh
New Update
dr valyathan

dr ms valiathan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു.90 വയസ്സായിരുന്നു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായ എം.എസ്. വല്യത്താൻ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആദ്യ ഡയറക്ടറാണ്. കൂടാതെ, മണിപ്പാൽ യൂനിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറും ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിൻറെ ചെയർമാനുമായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠന ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് എം.എസ്. വല്യത്താൻ എം.ബി.ബി.എസ് നേടിയത്. യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്ന് എം.എസും എഫ്.ആർ.സി.എസും പൂർത്തിയാക്കി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) ആതുരസേവനം ആരംഭിച്ചു. ഇതിനിടെ, ജോൺ ഹോപ്കിൻസ് അടക്കം ഉന്നത വിദേശ സർവകലാശാലകളിൽ ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് ഉന്നതപഠനം നടത്തി.

ആദ്യ ഡയറക്ടറായ എം.എസ്. വല്യത്താൻ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻറെ കാഴ്ചപ്പാട് തന്നെ മാറ്റി. മെഡിക്കൽ സാങ്കേതികവിദ്യക്ക് കൂടുതൽ ഊന്നൽ നൽകിയ അദ്ദേഹം, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് കുറഞ്ഞു വിലക്ക് ലഭ്യമാക്കുകയും രക്തബാഗുകൾ നിർമിച്ച് വ്യാപകമാക്കുകയും ചെയ്തു.

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സേവനത്തിന് പിന്നാലെ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ എം.എസ്. വല്യത്താൻ ആയുർവേദ ഗവേഷണത്തിലേക്ക് കടന്നു. ആയുർവേദവും അലോപതിയും സമന്വയിപ്പിച്ചുള്ള നിർദേശങ്ങൾ നൽകി. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന് കീഴിൽ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും കോഴിക്കോട്ട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും അദ്ദേഹം ശ്രമം നടത്തി. പത്മവിഭൂഷൺ അടക്കമുള്ള ബഹുമതികൾ നൽകി ആദരിച്ചു.

 

Death news heart surgeon Dr MS Valiathan