കോഴിക്കോട്: മെഡിക്കൽ കോളജിൽ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെയാണ് കൈവിരലിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ ചെറുവണ്ണൂർ സ്വദേശിയായ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തത്. കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോൾ വായില്‍ പഞ്ഞി തിരുകിയിരുന്നു. തുടർന്നാണു വീട്ടുകാര്‍ കാര്യം അന്വേഷിച്ചത്. കയ്യിലെ തുണിമാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. വിരലിനാണ് ശസ്ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിന്‍റെ പ്രതികരണം. വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതർ സംഭവം എടുത്തതെന്നും വീട്ടുകാര്‍ ആരോപിച്ചു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നു കുടുംബം വ്യക്തമാക്കി. അതേസമയം, നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയുടെ ബന്ധുക്കളോടു മാപ്പു പറഞ്ഞു.