തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഹവാല ഇടപാടുകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. രണ്ടു മാസത്തിനിടയില്‍ സംസ്ഥാനത്ത് വ്യാപകമായി ഹവാല പണമിടപാട് നടന്നതായാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചന. 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകള്‍ നടന്നതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
വിവിധ സംസ്ഥാനങ്ങളുമായി ഇതിനു ബന്ധമുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ കേരളത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് വാഹനങ്ങളിലാണ് പണം എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
കടല്‍ മാര്‍ഗം പണം എത്തിയെന്നും സംശയമുണ്ട്. ഒന്നര മാസം മുന്‍പ് കടല്‍ കടന്ന് ബേപ്പൂര്‍ വഴി ചാലിയാറില്‍ എത്തിയ ബോട്ടാണ് സംശയത്തിന് കാരണം. ഈ ബോട്ട് കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും കസ്റ്റഡിയിലെടുക്കുകയും പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഒന്നും കണ്ടെത്തിയില്ല. രേഖകള്‍ ശരിയെന്ന് കണ്ട് വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒഴിഞ്ഞ ബോട്ട് എന്തിനു വന്നു എന്നത് ദുരൂഹമാണ്. ഇത് അന്വേഷണ ഏജന്‍സികളുടെ പരിശോധനയിലാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് പണമൊഴുക്ക് സംശയം ഉയരുന്നത്. ലഭിച്ച തെളിവുകളും സൂചനകളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അടുത്ത ദിവസം നല്‍കുമെന്നാമ് വിവരം. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ കൂടുതലായി പരിശോധിക്കേണ്ട സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിനു പരിമിതികളുണ്ടെന്നതാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിര്‍ദേശിക്കാന്‍ കാരണം.
അതേ സമയം, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ വ്യക്തികളുടെ അക്കൗണ്ടുകള്‍ കണ്ടെത്തി പണം കൈമാറ്റം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. ഇതിനായി വ്യാപകമായി ഇടനിലക്കാരെയും ഉപയോഗിക്കുന്നുണ്ട്. പണത്തിന് അത്യാവശ്യമുള്ളവരെ കണ്ടെത്തി പണം അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് രീതി. തുടര്‍ന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അന്നുതന്നെ മൊബൈല്‍ ഫോണ്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യും. പ്രതിഫലമായി അക്കൗണ്ട് ഉടമയ്ക്ക് 10 ലക്ഷത്തിന് 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് നല്‍കുന്നത്. പുതിയ അക്കൗണ്ട് തുടങ്ങാന്‍ തയാറാകുന്നവരെയും ഇടനിലക്കാര്‍ ഈ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സംശയമുള്ള അക്കൗണ്ട് ഉടമകളുടെ നിക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്.
കേരളം ഹവാലയുടെ ഹബ്ബായി മാറിയെന്ന് കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിലയിരുത്തിയിരുന്നു. 2023 വരെ മൂന്നു വര്‍ഷത്തെ ഹവാല ഇടപാടുകള്‍ മാത്രം പരിശോധിച്ചപ്പോള്‍ തന്നെ 10,000 കോടി രൂപയിലധികം വരുമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ദിവസേന 50 മുതല്‍ 200 കോടി രൂപ വരെയുള്ള ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍. എന്നാല്‍ ഇന്ന് ണ്ടു മാസത്തിനിടെ മാത്രം 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകളാണ് നടന്നിരിക്കുന്നത്.
കേരളത്തില്‍ നിന്ന് വിദേശത്തേക്ക് ദിവസേന ഹവാല പണം കടത്തുന്നവരുണ്ട്. രാഷ്ട്രീയക്കാര്‍, വന്‍കിട വ്യവസായികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഈ ഇടപാടിന്റെ ഭാഗമാണ്. ആര്‍.ബി.ഐ. ലൈസന്‍സുള്ള മണി എക്‌സ്ചേഞ്ചേഴ്സുവരെ ഇതിന്റെ ഭാഗമാകുന്നുവെന്നത് ഉള്‍പ്പടെ കണ്ടെത്തിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, അമേരിക്ക, ജര്‍മനി, യു.കെ. മെക്‌സിക്കോ തുടങ്ങിയ അമ്പതോളം രാജ്യങ്ങളുമായാണ് പ്രധാനമായും ഹവാല ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നാണ് അന്ന് ഇഡി കണ്ടെത്തിയിരുന്നത്. വന്‍കിട ഹവാല ഇടപാടുകള്‍ നടത്തുന്നവരുടെ ഫ്രാഞ്ചൈസികളായാണ് കേരളത്തിലെ ചില മൊബൈല്‍ മൊത്തവിതരണ ക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ജൂവലറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.