‘കരിയർ വളർച്ച വാഗ്ദാനം ചെയ്തുള്ള പീഡനം എല്ലായിടത്തുമുണ്ട്; ഖുശ്ബു

ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയിൽ, ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവിൽപ്പോലും ആഴ്ന്നിറങ്ങുന്നതാണെന്നു പറയാനാകും.

author-image
Anagha Rajeev
New Update
khushbu-sundar
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലുകളിൽ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദം എല്ലായിടത്തും ഉള്ളതാണെന്നും എക്സിൽ കുറിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് 24, 21 വയസുള്ള തന്റെ പെൺമക്കളുമായി സംസാരിച്ചിരുന്നെന്നും അതിജീവതരോട് പുലർത്തുന്ന സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരപ്പിച്ചെന്നും ഖുശ്ബു പറഞ്ഞു. 

‘‘ഈ സമയം അവർ അതിജീവിതരെ ഉറച്ച് പിന്തുണയ്ക്കും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. നിങ്ങളുടെ തുറന്നുപറച്ചിൽ ഇന്നാണോ നാളെയാണോ എന്നത് പ്രശ്നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കും.

അപകീർത്തിപ്പെടുത്തുമെന്ന ഭയം, നീ എന്തിനത് ചെയ്തു ? എന്തിനുവേണ്ടി ചെയ്തു ? തുടങ്ങിയ ചോദ്യങ്ങളാണ് അവളെ തകർത്തു കളയുന്നത്. അതിജീവിത എനിക്കും നിങ്ങൾക്കും പരിചയമില്ലാത്തയാൾ ആയിരിക്കും. പക്ഷേ നമ്മുടെ പിന്തുണ അവർക്കാവശ്യമുണ്ട്. അവരെ കേൾക്കാനുള്ള നമ്മുടെ മാനസിക പിന്തുണയും അവർക്കു വേണം. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവർ ഒരു കാര്യം മനസിലാക്കണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങൾ എല്ലാവർക്കും ഒരുപോലെയാകില്ല.

ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയിൽ, ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവിൽപ്പോലും ആഴ്ന്നിറങ്ങുന്നതാണെന്നു പറയാനാകും.

നമ്മുടെ വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ ശക്തിയുടെ അടിത്തറയെ അപ്പാടെയിളക്കുകയാണ് ഇത്തരം ക്രൂരതകൾ. എന്റെ പിതാവിൽനിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ എനിക്കുണ്ടായ ദുരനുഭവം കരിയർ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കിൽ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്. 

നിങ്ങൾ കാണിക്കുന്ന ഐക്യദാർഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവ്. ഞങ്ങൾക്കൊപ്പം നിൽക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങൾക്ക് ജീവിതവും സ്നേഹവും നൽകുന്ന സ്ത്രീകളെ ബഹുമാനിക്കുക’–ഖുശ്ബു പറഞ്ഞു.

Khushbu Sundar