കൊച്ചി: നടിയെ പീഡിപ്പിച്ച കേസന്വേഷിക്കുന്ന പ്രത്യേകസംഘം താരസംഘടനയായ 'അമ്മ"യുടെ കൊച്ചി ഓഫീസിലും ഏതാനും ഫ്ളാറ്റുകളിലും തെളിവെടുപ്പ് പൂർത്തിയാക്കി. ഇന്നലെ രാവിലെ 10.30നായിരുന്നു അമ്മ ഓഫീസിലെ പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരായ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് സൂചന. ഇവർ ഭാരവാഹികളായിരുന്നപ്പോഴുള്ള രേഖകളും ശേഖരിച്ചു. ശനിയാഴ്ച രാത്രിയിലും അമ്മ ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
എറണാകുളം മേനകയിലെയും ഫോർട്ടുകൊച്ചിയിലെയും ഫ്ലാറ്റുകളിലും തെളിവെടുപ്പു നടന്നു. മേനകയിലെ ഫ്ലാറ്റിൽ പരാതിക്കാരിയുമെത്തിയിരുന്നു. സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ പ്രധാന സാക്ഷിയായ കഥാകൃത്ത് ജോഷി ജോസഫിനെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ഉച്ചയ്ക്ക് തുടങ്ങിയ തെളിവെടുപ്പ് ഒരുമണിക്കൂറിലധികം നീണ്ടു. 2009ൽ പാലേരി മാണിക്യം സിനിമാ ചർച്ചയ്ക്കിടെ ലൈംഗിക താത്പര്യത്തോടെ രഞ്ജിത്ത് ശരീരത്തിൽ സ്പർശിച്ചെന്ന നടിയുടെ പരാതിലാണ് അന്വേഷണം. കേസിൽ സാമൂഹ്യപ്രവർത്തകൻ ഫാ. അഗസ്റ്റിൻ വട്ടോളിയുടെ മൊഴിയും കടമക്കുടിയിലെ വസതിയിലെത്തി രേഖപ്പെടുത്തി. ജോഷി ജോസഫ് ഇക്കാര്യം അറിയിച്ചപ്പോൾ ഇത് മറച്ചുവയ്‌ക്കേണ്ടതല്ലെന്നും നടി തയ്യാറാണെങ്കിൽ അവർക്കൊപ്പമിരുന്ന് വാർത്താസമ്മേളനം നടത്താമെന്നും പറഞ്ഞിരുന്നു. ബംഗാളിൽ പോയി നടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുകേഷിന്റെ ജാമ്യാപേക്ഷ എതിർക്കും
പീഡനക്കേസിൽ നടൻ മുകേഷ് എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. മുകേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും അറിയിക്കും. വിശദമായ അന്വേഷണം വേണമെന്നാണ് പ്രത്യേക സംഘത്തിന്റെ നിലപാട്. മരട് പൊലീസാണ് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലെത്തിച്ച് തെളിവെടുത്തിരുന്നു.