ജിഎസ്ടിയിലെ കേന്ദ്ര സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിൽ 50:50 എന്നതാണ് അനുപാതം. ഇത് 40:60 ആയി മാറ്റണമെന്ന് അദേഹം ആവശ്യപ്പെട്ടു. ജിഎസ്ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കണമെന്നു ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രി സ. കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
ഇ കൊമേഴ്സ് കച്ചവടം നടക്കുമ്പോൾ ഇ കൊമേഴ്സ് ഓപ്പറേറ്റർ ഈടാക്കിയ ജിഎസ്ടിയും വ്യക്തമാക്കി GSTR-8 റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ GSTR- 8 റിട്ടേണിൽ നികുതി എത്രയാണ് എന്നതിലുപരിയായി നികുതി ഏതു സംസ്ഥാനത്തേക്കാണ് പോകേണ്ടത് എന്ന വിവരം കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞദിവസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായതായും ധനമന്ത്രി അറിയിച്ചു. കേളത്തിന് വലിയ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നിർണായക തീരുമാനമാണിത്.
അന്യസംസ്ഥാനങ്ങളിൽനിന്ന് ചരക്കുകളും സേവനങ്ങളും കൊമേഴ്‌സ് സ്ഥാപനങ്ങളിൽകൂടി കേരളത്തിൽ വിൽക്കുന്നവർ ഉപഭോക്താക്കളിൽനിന്ന് ഐജിഎസ്ടി ഈടാക്കുന്നുണ്ട്. എന്നാൽ, അവർ സമർപ്പിക്കുന്ന റിട്ടേണുകളിൽ ഉപഭോഗ സംസ്ഥാനം ഏതെന്നത് വ്യക്തമാക്കാത്തതുമൂലം കേരളത്തിന് നികുതി വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാൻ പുതിയ തീരുമാനം സഹായകമാകും
കേരളത്തിൽനിന്ന് ലഭിക്കുന്ന എസ്ജിഎസ്ടി ക്യാഷ് വിഹിതത്തിന്റെ വളർച്ചാനിരക്ക് ശരാശരി പത്തുശതമാനംവരെയാണ്. എന്നാൽ, ഐജിഎസ്ടി സെറ്റിൽമെന്റിന്റെ കാര്യം വരുമ്പോൾ ഈ വളർച്ചാ നിരക്ക് മൂന്നു ശതമാനമായി കുറയുന്നു. ജിഎസ്ടി സംവിധാനത്തിന്റെ പ്രശ്നമാണ് ഐജിഎസ്ടിയിൽ കേരളത്തിന്റെ വിഹിതം കുറയാൻ കാരണമെന്ന് കേരളം ഉന്നയിച്ചു. ഐജിഎസ്ടിയിലെ കേന്ദ്ര വരുമാനത്തിലും കുറവു വരുന്നുവെന്ന് കേന്ദ്ര സർക്കാരും യോഗത്തിൽ അറിയിച്ചു. ഇതിനുകാരണം ഐജിഎസ്ടി സംവിധാനത്തിലെ പോരായ്മയാണോ എന്നത് പരിശോധിക്കാൻ തീരുമാനിച്ചു.
2017 ജൂലൈ ഒന്നുമുതൽ ഇതുവരെയുള്ള മുഴുവൻ കണക്കുകളും കൃത്യമായി പരിശോധിക്കാനും, വേണ്ട പരിഹാരം നിർദേശിക്കാനും ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കർശന നിർദേശം നൽകി. പത്തു ദിവസത്തിനകം സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രശ്നം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. സംവിധാനത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ചാലേ വരുമാന നഷ്ടം ഇല്ലാതാക്കാനാകൂ.