ഷാരോൺ വധം: ഡിവൈഎസ്പിയുടെ റിപ്പോർട്ട് റദ്ദാക്കാൻ ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രീഷ്മ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

author-image
Rajesh T L
New Update
sharon raj

ഫയൽ ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്നു സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രീഷ്മ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

പൊലീസ് സ്റ്റേഷൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്നാണു നിയമം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു സ്റ്റേഷൻറെ ചുമതല നൽകി വിജ്ഞാപനം ഇറക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള അധികാരമില്ല. ഈ സാഹചര്യത്തിൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. 

പ്രണയബന്ധത്തിൽ നിന്നു പിന്മാറാൻ വിസമ്മതിച്ച കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു ഗ്രീഷ്മ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. ഗുരുതരാവസ്ഥയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25നു മരിച്ചു. 

അന്വേഷണസംഘം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിചാരണ നടപടികൾക്കായി നെയ്യാറ്റിൻകര അഡീ. സെഷൻസ് കോടതിയിലേക്കു കൈമാറിയിരുന്നു. കേസിൻറെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറിൽ തള്ളിയിരുന്നു. കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരി കോടതിയിലേക്കു മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇക്കാര്യം വിചാരണക്കോടതിയിലാണ് അറിയിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

murder greeshma sharon raj