തിരുവനന്തപുരം : കേരളത്തില്‍ എത്തിയ ശേഷം ആദ്യമായ് മലയാളത്തില്‍ തന്റെ ആരാധകരെ അഭിസംബോധന ചെയ്ത് വിജയ്. 'നിങ്ങളെയെല്ലാം കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം' ദളപതി വിജയ് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ ആരാധകരുടെ നിര്‍ത്താതെയുള്ള കരഘോഷങ്ങളായിരുന്നു. ബുധനാഴ്ച ഷൂട്ടിങ്ഹിനായി ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയ വിജയ് പുറത്ത് തന്നെ കാണാന്‍ എത്തിയ ആരാധകരോടാണ് മലയാളത്തില്‍ സംസാരിച്ചത്.
'അനിയത്തി, അനിയന്‍, ചേച്ചി, ചേട്ടന്മാര്‍, എന്റെ അമ്മമാര്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഓണം ആഘോഷത്തില്‍ നിങ്ങള്‍ എത്രയേറെ സന്തോഷത്തോടെ ഇരിക്കുമോ അതുപോലയാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോള്‍ എനിക്ക് ഉള്ളത്. നിങ്ങള്‍ നല്‍കുന്ന ആദരവിനും സ്‌നേഹത്തിനും ആദരവിനും നന്ദി. തമിഴ്‌നാട്ടിലെ എന്റെ ആരാധകരെ പോലെ മലയാളികളും വേറെ ലെവലാണ്. മലയാള മണ്ണില്‍ വന്നതില്‍ വളരെയധികം സന്തോഷം. എല്ലാവര്‍ക്കും കോടാനുകോടി നന്ദി' എന്ന് പറഞ്ഞ് കൊണ്ടാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്.
ബുധനാഴ്ച വിജയ് തന്റെ ആരാധകരെ നേരിട്ട് കണ്ട് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 14 ജില്ലകളിലെ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളെ ഇന്ന് നേരിട്ട് കണ്ട് സംസാരിക്കുമെന്ന് വിജയ് ഉറപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 22 വരെയാണ് സിനിമ ചിത്രീകരണം നടക്കുന്നത്. നിലവില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വ്യാഴാഴ്ച മുതല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും ഷൂട്ടിങ്ങ് നടക്കുന്നത്. ഇന്ന് സംസ്ഥാനത്ത് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ചില മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും വിജയ് നേരിട്ട് കാണുമെന്നാണ് സൂചന.
തമിഴക വെട്രി കഴകം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ഫാന്‍സ് അസോസിയേഷന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ ബി. സജി, തിരുവനന്തപുരം പ്രസിഡന്റ് സമീര്‍ ഖാന്‍, തിരുവനന്തപുരം ഹെഡ് ഷാഫി, ഷഫീഖ്, രെഞ്ചു തുടങ്ങിയവരാണ് ഷൂട്ടിംഗിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.