ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് താല്‍പര്യക്കുറവില്ല: എംബി രാജേഷ്

കോണ്‍ക്ലേവില്‍ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലായിരുന്നു.

author-image
Prana
New Update
mb rajesh

ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു താല്‍പര്യക്കുറവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. കോണ്‍ക്ലേവില്‍ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലായിരുന്നു. പലരും മൊഴി നല്‍കിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നല്‍കിയത് കൊണ്ടാണ്. ഇപ്പോള്‍ സര്‍ക്കാരിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് പലരും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാരിന് ഒന്നും മറച്ചു വെക്കാനില്ലെന്നും സര്‍ക്കാര്‍ ഒന്നിനും എതിരല്ലെന്നും മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. ഹേമ കമറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഇന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് മന്ത്രിയുടെ പ്രതികരണം.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും ഹൈക്കോടതി പരിശോധിക്കട്ടെ. പരിശോധിക്കാനുള്ള ഹൈക്കോടതി തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. കോടതി എന്താണോ ഉത്തരവ് നല്‍കുന്നത് അത് അനുസരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു

 

minister mb rajesh hema committee report