വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ്. ജൂലൈ 26ന് തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ പരാതികളുമായി ഹാജരാകാനാണ് നിര്‍ദേശം.
എന്നാല്‍, ആഭ്യന്തര സെക്രട്ടറി നടത്തിയ ക്ഷണം കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് തലയൂരാനുള്ള തന്ത്രമാണെന്ന് നീതി സമരസമിതി ആരോപിച്ചു. വാളയാര്‍ കേസ് അട്ടിമറിക്കുകയും പെണ്‍കുട്ടികളെ ഹീനമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സോജന് ഐ.പി.എസ് നല്‍കാനുള്ള നീക്കം കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നുറപ്പായ സാഹചര്യത്തിലാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
സോജന് ഐ.പി.എസ് നല്‍കുന്നതും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം വൈകുന്നതും എങ്ങുമെത്താത്ത സി.ബി.ഐ അന്വേഷണവും കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ 'മാധ്യമ'ത്തോട് പറഞ്ഞു.