വീട്ടമ്മയുടെ ബലാത്സംഗ പരാതിയില്‍ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, സി ഐ വിനോദ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി വീട്ടമ്മയുടേത് കള്ളപ്പരാതിയാണെന്നും പരാതിയില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബലാല്‍സംഗ പരാതി നല്‍കിയിയിട്ടും പോലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടി.
എസ് പി അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങള്‍, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ സി ഡി ആര്‍ അടക്കമുളളവ പരിശോധിച്ചു. കേസെടുക്കാനുളള യാതൊരു തെളിവുമില്ല. വ്യാജപ്പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
മലപ്പുറം എസ് പി ആയിരിക്കെ സുജിത് ദാസും സി ഐ വിനോദും ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമാണ് വീട്ടമ്മ ഉന്നയിച്ചത്. പരാതി അന്വേഷിച്ച സി ഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിച്ചിരുന്നു. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവില്‍ പീഡിപ്പിച്ചു. പിന്നീട് ഇതേക്കുറിച്ച് പരാതിയുമായി ചെന്നപ്പോള്‍ രണ്ട് തവണ എസ് പിയായിരുന്ന സുജിത് ദാസും പീഡിപ്പിച്ചു. ഡിവൈ എസ് പി ബെന്നി മോശമായി പെരുമാറിയതായും വീട്ടമ്മ ആരോപിച്ചിരുന്നു. പാരാതികളില്‍ കേസെടുക്കാതായതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്.